വെള്ളറട: വീട്ടുമുറ്റത്ത് വരെ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കൃഷി ചെയ്യാനാകാതെ കർഷകർ പ്രതിസന്ധിയിൽ.വന്യമൃഗ ശല്യം തടയാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിനെതിരെ ഇവരുടെ പ്രതിഷേധം ശക്തമാണ്.

നിവേദനങ്ങൾ നിരവധി നൽകിയിട്ടും തങ്ങളുടെ പ്രശ്നത്തിൽ ആരും ഇടപെട്ടില്ലെന്ന് കർഷകർ പരാതിപ്പെടുന്നു.

പന്നിയുടെ ശല്യം കാരണം മരച്ചീനി(കപ്പ),വാഴ,ചേമ്പ്,ചേന,മറ്റുനാണ്യവിളകൾ ഒന്നും തന്നെ കൃഷിചെയ്യാൻ കഴിയുന്നില്ല. കാട്ടിൽ നിന്നും കൂട്ടമായി എത്തുന്ന കാട്ടുപന്നികളും വാനരപ്പടയും മുഴുവൻ കൃഷിയും നശിപ്പിക്കുകയാണ്. മാവും പുളിയും പ്ളാവും കായ്ച്ചുതുടങ്ങിയതോടുകൂടി വാനരന്മാർ ഇവ അടിച്ചും തൊഴിച്ചും കളയുകയാണ്. കാട്ടുപന്നിയാകട്ടെ കുലയ്ക്കാറായ വാഴകൾ കുത്തിമറിച്ച് ഇട്ടശേഷം സ്ഥലം വിടുകയും ചെയ്യുന്നു.

ഒരു കാലത്ത് എല്ലാ നാണ്യവിളകളും സുലഭമായി കൃഷിചെയ്തിരുന്ന മലയോരത്ത് ഇപ്പോൾ കൃഷി ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്.

വന്യമൃഗ ശല്യത്തിൽ

പൊറുതിമുട്ടി

അമ്പൂരി ഗ്രാമപഞ്ചായത്തിലെ കുട്ടമല, കണ്ടംതിട്ട, പാമ്പരംകാവ്, പുറുത്തിപ്പാറ, വാഴിച്ചൽ പ്രദേശങ്ങളിൽ

തെങ്ങിനും രക്ഷയില്ല

നാളികേരത്തിന് മാർക്കറ്റിൽ നല്ല വിലയുണ്ടെങ്കിലും മലയോരത്തെ കർഷകർക്ക് അന്യദേശങ്ങളിൽ നിന്നെത്തുന്ന നാളികേരത്തെ ആശ്രയിക്കേണ്ട ഗതികേടാണ്. തെങ്ങുകളുടെ മണ്ടയിൽ വെള്ളയ്ക്കയാകുമ്പോൾ തന്നെ മുഴുവനും വാനരൻമാർ താഴെയിറക്കും.