
തിരുവനന്തപുരം: നാളെ വോട്ടിടാൻ പോകുന്നതിനുമുമ്പ് ജീവനക്കാർക്ക് മുഴുവൻ ശമ്പളവും കൊടുത്തു തീർക്കാനുള്ള തീവ്രശ്രമത്തിലാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ്. ഗതാഗത വകുപ്പിന്റെ നിരന്തര സമ്മർദ്ദത്തെ തുടർന്നാണ് ഇന്നലെ 30 കോടി രൂപ അനുവദിക്കാൻ ധനവകുപ്പ് തയ്യാറായത്. 38 കോടി രൂപയാണ് രണ്ടാം ഗഡു ശമ്പളത്തിനു വേണ്ടത്. 8 കോടി രൂപ കെ.എസ്.ആർ.ടി.സി കണ്ടെത്തും.
ഫയൽ ധനവകുപ്പിൽ നിന്നു ഗതാഗതവകുപ്പിലേക്കും തിരിച്ചും എത്തിയാലേ കെ.എസ്.ആർ.ടി.സിയുടെ ആക്കൗണ്ടിലേക്ക് പണം ലഭ്യമാകൂ. ലഭ്യമായ ഉടൻ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് ശമ്പളത്തിന്റെ രണ്ടാം ഗഡു എത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഈ മാസം 9നാണ് ആദ്യ ഗഡു നൽകിയത്. ഏപ്രിൽ 15ന് പ്രതിദിന കളക്ഷനിൽ കെ.എസ്.ആർ.ടി.സി റെക്കാഡ് നേട്ടമുണ്ടാക്കിയിരുന്നു. 8.57കോടി രൂപയായിരുന്നു കളക്ഷൻ. രണ്ടാം ഗഡു ശമ്പളം വൈകിയെങ്കിലും പതിവ് സമരങ്ങളോ പ്രതിഷേധമോ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടായില്ല.
30കോടി കൂടി
ശമ്പളവും പെൻഷനും നൽകാൻ കെ.എസ്.ആർ.ടി.സിക്ക് 30 കോടി കൂടി സർക്കാർ അനുവദിച്ചു. ഇതോടെ ഏപ്രിൽ മാസത്തിൽ നൽകിയ സഹായം 50കോടിയായി.