തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കെത്തിയ 62 കമ്പനി കേന്ദ്രസേനയെ ബാരക്കിലിരുത്താതെ ഇന്ന് ഉച്ച മുതൽ ബൂത്തുകളിലും പ്രശ്നബാധിത പ്രദേശങ്ങളിലും വിന്യസിക്കും. അടിയന്തര സാഹചര്യം നേരിടാൻ തോക്കുകളും മറ്റ് ആയുധങ്ങളുമായാണ് കേന്ദ്രസേനയുടെ വരവ്. എസ്.പിയുടേയോ സബ്ഡിവിഷണൽ ഉദ്യോഗസ്ഥരുടേയോ ഉത്തരവ് പ്രകാരമാവും പ്രവർത്തനം. മണ്ഡലത്തിലെവിടെയും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ കേന്ദ്രസേനയെ വിന്യസിക്കാനുള്ള തയ്യാറെടുപ്പും പൂർത്തിയായി. വോട്ടിംഗ് കേന്ദ്രങ്ങളിലെ ക്രമസമാധാനപാലനം, തിരക്ക്നിയന്ത്രിക്കൽ, വോട്ടർമാരെസഹായിക്കൽ എന്നിവയാണ് കേന്ദ്രസേനയുടെ പ്രധാനചുമതല.

ക്രമസമാധാന പ്രശ്നമുണ്ടാക്കിയാൽ അതിവേഗം സ്ഥലത്തെത്തി ഇടപെടാൻ സ്ട്രൈക്കിംഗ് ഫോഴ്സ് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്. എ.ഡി.ജി.പി, ഐ.ജിമാർ, ഡി.ഐ.ജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് സ്ട്രൈക്കർമാരെ നൽകിയിട്ടുണ്ട്. വനിതാ ബറ്റാലിയൻ, ദ്രുതകർമ്മസേന, മാവോയിസ്റ്റ് മേഖലകളിൽ തണ്ടർബോൾട്ട് എന്നിവയും രംഗത്തുണ്ടാവും. മുൻപ് അക്രമമുണ്ടായവ, വി.ഐ.പി സ്ഥാനാർത്ഥികൾ, മാവോയിസ്റ്റ് സാന്നിദ്ധ്യം, മുൻപ് റീപോളിംഗ് വേണ്ടിവന്നവ എന്നിവയെല്ലാം കണക്കിലെടുത്ത് പ്രശ്നബാധിത ബൂത്തുകൾ നിശ്ചയിച്ചത്. അതീവ പ്രശ്നബാധിതമായ 742 ബൂത്തുകളടക്കം 1903 പ്രശ്നബാധിത ബൂത്തുകളിലും കേന്ദ്രസേനയുണ്ടാവും. മാവോയിസ്റ്റ് ഭീഷണിയടക്കം നേരിടുന്ന വടക്കൻ ജില്ലകളിലാണ് കൂടുതൽ സേനയെ വിന്യസിക്കുക.

സുരക്ഷയ്ക്ക് 66,303 ‌പേർ

25231:

ബൂത്തുകൾ

4464:

കേന്ദ്രസേനാംഗങ്ങൾ

(62 കമ്പനി സേന)

1500:

തമിഴ്നാട് പൊലീസ്

144:

ജില്ലാ പൊലീസ് മേധാവികളുടെ

ഇലക്ഷൻ സബ് ഡിവിഷൻ

183:

ഡിവൈ.എസ്.പിമാർ

100:

ഇൻസ്പെക്ടർമാർ

4540:

എസ്.ഐ,

എ.എസ്.ഐ

23932:

സീനിയർ സിവിൽ

പൊലീസ് ഓഫീസർ

2874:

ഹോം ഗാർഡ്

4383:

സായുധ ബറ്റാലിയൻ

24327:

എസ്.പി.ഒമാർ