തിരുവനന്തപുരം:കടുത്ത ത്രികോണ മത്സരമെന്ന് കരുതുന്ന തിരുവനന്തപുരം ലോക് സഭാ മണ്ഡലത്തിൽ തൊട്ടടുത്ത എതിരാളി ആരെന്നതിലാണ് ആകെ 'കൺഫ്യൂഷൻ'. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും സ്വന്തം നിലയ്ക്ക് മുഖ്യഎതിരാളിയെ പലപ്പോഴായി പ്രഖ്യാപിച്ചു. ഇതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വക തിരുത്തും.

പ്രചാരണത്തിൽ വളരെ മുന്നിലെത്തിയെന്നും എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ള മത്സരം പോലെ ആയെന്നുമായിരുന്നു പന്ന്യൻ പറഞ്ഞത്. യു.ഡി.എഫിന്റെ വോട്ട് ചോർന്ന് ബി.ജെ.പിക്ക് കിട്ടിയേക്കാമെങ്കിലും ബി.ജെ.പിയെക്കാൾ വളരെ മുന്നിലാണ് ഇടതുപക്ഷമെന്നും പന്ന്യൻ പറഞ്ഞിരുന്നു.

എന്നാൽ പന്ന്യന് തിരുത്തുമായെത്തിയ എം.വി.ഗോവിന്ദൻ, മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന് അസന്ദിഗ്ദ്ധമായി പറഞ്ഞു.

പന്ന്യന്റെ വാക്കുകൾക്ക് മറുപടിയില്ലെന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.ആരു തമ്മിലാണ് മത്സരമെന്ന് ജനം തീരുമാനിക്കട്ടെയെന്നുകൂടി അദ്ദേഹം പറഞ്ഞു.എന്നാൽ എൽ.ഡി.എഫും ബി.ജെ.പിയും രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് മത്സരിക്കുന്നതെന്ന നർമ്മത്തിലുള്ള മറുപടിയാണ് തരൂർ പറഞ്ഞത്.ജയിക്കുമെന്ന് പറയാനുള്ള ധൈര്യം പന്ന്യന് ഉണ്ടായല്ലോ.അവർ രണ്ടാം സ്ഥാനത്തിനും കോൺഗ്രസ് ജയിക്കാനുമാണ് മത്സരിക്കുന്നതെന്നും ശശിതരൂർ വ്യക്തമാക്കി.