
കിളിമാനൂർ: ഉച്ചയ്ക്ക് ശേഷമെത്തുന്ന വേനൽമഴ ചൂടിന് ഒരു പരിധിവരെ ആശ്വാസമാകുന്നെങ്കിലും കർഷകരെ കണ്ണീരിലാഴ്ത്തുന്നു. വേനൽമഴയോടൊപ്പമുള്ള മിന്നലും ഇടിയും മനുഷ്യനും മൃഗങ്ങൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ നിരവധി വീടുകൾ തകരുകയും ഏക്കർ കണക്കിന് കൃഷി ഭൂമി നശിക്കുകയും ചെയ്തിരുന്നു. വയലുകളിൽ കൃഷി ചെയ്തിരുന്ന മരിച്ചീനി, വാഴ, പച്ചക്കറി എന്നിവ നശിച്ചു. വാമനപുരം പഞ്ചായത്തിൽ കാഞ്ഞിരംപാറ മേഖലയിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. വീടുകൾ തകർന്നും മേൽക്കൂര കാറ്റിൽപ്പറന്നും വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. കാഞ്ഞിരംപാറ എസ്.എസ് നിവാസിൽ വി.സോമൻനായരുടെ കോലിഞ്ചി ഏലായിലെ വാഴക്കൃഷി പൂർണമായും നശിച്ചിരുന്നു. വിളവെടുക്കാറായ 200 നേന്ത്രവാഴകൾ കാറ്റിൽ നശിച്ചു. 1 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോലിഞ്ചി ഏലായിലെ ആർ.വിജയകുമാറിന്റെ വാഴക്കൃഷിയും പൂർണമായും നശിച്ചു. കല്ലറ പള്ളിമുക്ക് ഗ്രീൻവില്ലയിൽ സഹീറാ ബീവിയുടെ വീടിന്റെ മേൽക്കൂര കാറ്റിൽ പറന്നുപോയി. മരച്ചില്ല ഒടിഞ്ഞ് വീഴുമ്പോൾ ഷിബിനയും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കിളിമാനൂർ പഞ്ചായത്തിലെ പനപ്പാംകുന്ന് തോയിക്കോണത്ത് വീട്ടിൽ അനിൽകുമാറിന്റെ ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നു. വീടിനുള്ളിൽ ആളുകളുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. ഷീറ്റിന്റെ ഒരു ഭാഗം അനിൽകുമാറിന്റെ ദേഹത്ത് തട്ടിയെങ്കിലും പരിക്കുകളില്ല. പനപ്പാംകുന്ന് എൻജിനിയറിംഗ് കോളേജ് റോഡിൽ വൻമരം കടപുഴകി നാല് വൈദ്യുതി തൂണുകൾ തകർന്നു. അഗ്നിരക്ഷാസേനയെത്തി മരച്ചില്ലകൾ വെട്ടിമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.