നെടുമങ്ങാട് : ആവേശത്തിരയിളക്കിയ കലാശക്കൊട്ടോടെ ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ ഒരുമാസം നീണ്ട പരസ്യ പ്രചാരണത്തിന് സമാപനം. ബുധനാഴ്ച രാവിലെ മുതൽ ആരംഭിച്ച മണ്ഡലം ചുറ്റിയുള്ള റോഡ് ഷോയോടെ സമാപനം കൊട്ടിക്കലാശമാക്കി മാറ്റി മൂന്നു മുന്നണികളും പ്രചാരണം അവസാനിപ്പിച്ചു. താളമേളങ്ങൾക്കൊപ്പം ചുവടുവച്ചും കൈയടിച്ചും മോട്ടോർ വാഹനങ്ങളിൽ പതാകകെട്ടിപ്പാഞ്ഞും പ്രവർത്തകർ ആവേശത്തിൽ ആറാടി. മുൻകൂട്ടി കേന്ദ്രങ്ങൾ നിശ്ചയിച്ചിരുന്നെങ്കിലും മുന്നണികളുടെ നൂറുകണക്കിന് പ്രവർത്തകർ ഒരേസമയം നിരത്തിലിറങ്ങിയതോടെ ചെറുകവലകൾ പോലും കൊട്ടിക്കലാശത്തിന് വേദിയായി. ഇന്ന് നിശബ്ദ പ്രചാരണമാണ്. നാളെ വോട്ടെടുപ്പ്.പതിവില്ലാത്ത വിധം മണ്ഡലത്തെ ഇളക്കിമറിച്ച പ്രചാരണ പ്രവർത്തനങ്ങളാൽ ഏറെ രാഷ്ട്രീയ പ്രാധാന്യം നേടിയ തിരഞ്ഞെടുപ്പ്,ദേശീയ- സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു. വികസനം മുഖ്യ അജൻഡയായി പ്രഖ്യാപിച്ചെങ്കിലും വിവാദങ്ങൾക്കും രാഷ്ട്രീയ കളം മാറ്റങ്ങൾക്കുമായിരുന്നു പ്രചാരണ രംഗത്ത് മുൻ‌തൂക്കം.വോട്ടിരട്ടിപ്പ്‌ ഉൾപ്പെടെ സ്ഥാനാർത്ഥികൾ നേർക്കുനേർ കൊമ്പുകോർത്ത ആരോപണങ്ങൾ നിരവധി. തീരദേശത്ത്, ആറ്റിങ്ങൽ ബൈപാസും മുതലപ്പൊഴി ഹാർബറും പ്രചാരണരംഗത്ത് ചർച്ചയായപ്പോൾ മലയോരത്ത്, ശബരി റെയിൽപ്പാതയും എയിസും അംബാസമുദ്രം റോഡും ചർച്ചാ വിഷയങ്ങളായി. കലാശക്കൊട്ടിനിടയിലും പശ്ചാത്തല വികസനത്തിന്റെ പേരിൽ സ്ഥാനാർത്ഥികൾ പരസ്പരം പോർവിളിയുണ്ടായി.സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അടൂർ പ്രകാശ് പത്രസമ്മേളനത്തിലൂടെ താൻ നടത്തിയ ഇടപെടലുകളും നേട്ടങ്ങളും എണ്ണിപ്പറഞ്ഞു. ആറ്റിങ്ങലിൽ നടന്ന കൊട്ടിക്കലാശത്തിലും അടൂർ ലൈവായിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി, മലകയറി ബോണക്കാട് എത്തി തോട്ടം തൊഴിലാളികൾക്കൊപ്പമാണ് കലാശക്കൊട്ടിന് തുടക്കമിട്ടത്. കൈകൊട്ടിപ്പാടിയും നൃത്തംവച്ചും പെൺകുട്ടികളുടെ സംഘം പ്രിയ സാരഥിയെ വരവേറ്റു. ഉശിരൻ മുദ്രാവാക്യങ്ങൾക്ക് നടുവിൽ ചെമ്പട്ടണിയിച്ചായിരുന്നു തൊഴിലാളി സ്വീകരണം.ബോണക്കാടിറങ്ങി കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ എത്തിയ വി.ജോയി,മന്ത്രി വി.ശിവൻകുട്ടിക്കും മറ്റു മുതിർന്ന നേതാക്കൾക്കുമൊപ്പം വാർത്താസമ്മേളനം നടത്തി. കൊട്ടിക്കലാശത്തിൽ പ്രവർത്തകർക്കൊപ്പം 'കളേഴ്സ് ഓഫ് ജോയ്" ചിത്രം വരയിലും ഗാനാലാപനത്തിലും അണിചേർന്നു. കേന്ദ്ര മന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരനും ആറ്റിങ്ങൽ കച്ചേരി ജംഗ്‌ഷനിൽ നടന്ന കൊട്ടിക്കലാശത്തിൽ പ്രവർത്തകർക്കൊപ്പം നിരത്തിൽ കസറി. മണ്ഡലത്തിന്റെ വികസന സങ്കല്പങ്ങൾ ഉൾപ്പെടുത്തി മുരളീധരൻ മുൻകൈയെടുത്തു തയ്യാറാക്കിയ വികസന രേഖയുടെ വിതരണവും കൊട്ടിക്കലാശത്തിനൊപ്പം പൂർത്തിയാക്കി.ഇന്ന് മൂന്ന് സ്ഥാനാർത്ഥികളും പ്രമുഖരെയും വിവിധ സംഘടന ഭാരവാഹികളെയും സന്ദർശിക്കും.സ്ലിപ്പ് വിതരണത്തിലും ബൂത്ത് ഒരുക്കുന്നതിലുമാണ് പ്രവർത്തകരുടെ ശ്രദ്ധ.