pepper-one
PEP

തിരുവനന്തപുരം: കുരുമുളകിനും കൊക്കോയ്ക്കും ഏലത്തിനുമെല്ലാം വില കുതിച്ചതോടെ കർഷകർക്ക് ആശ്വാസമേറുന്നു. വേനൽ കടുത്തതോടെ ഉത്പന്നങ്ങളുടെ ലഭ്യത കുറഞ്ഞതാണ് വില ഉയർത്തുന്നത്. കുരുമുളകിന്റെ വില മൂന്ന് ആഴ്ചയ്ക്കിടെയാണ് കുത്തനെ കൂടിയത്. ഗാർബിൾഡ് ഇനത്തിന് നിലവിൽ വില ക്വിന്റലിന് 58,000 രൂപയാണ്. അൺഗാർബിൾഡിന്റെ വില ക്വിന്റലിന് 56,000 രൂപയിലെത്തി. കൊക്കോ വില കിലോയ്‌ക്ക് 1000 രൂപ കടന്നു. തിങ്കളാഴ്ച 990 രൂപ വരെയായിരുന്നു വില. ഒരാഴ്ച മുൻപ് 1640 രൂപയായിരുന്ന ഏലത്തിന്റെ വില കിലോയ്‌ക്ക് 2000 രൂപ കടന്നു. പൈനാപ്പിളിന്റെ വില ഒരു കിലോയ്ക്ക് 90 രൂപയ്ക്ക് മുകളിലെത്തി. മുൻ വർഷത്തേക്കാൾ 12 രൂപയുടെ വർദ്ധന.

കഴിഞ്ഞ മാസം 21ന് ഗാർബിൾഡ് കുരുമുളകിന് ക്വിന്റലിന് 51,900 രൂപയും അൺഗാർബിൾഡിന് 49,900 രൂപയുമായിരുന്നു വില. 2014ൽ കരുമുളക് വില 72,000 രൂപയിലെത്തി റെക്കാഡ് ഇട്ടിരുന്നു.

വെല്ലുവിളിയായി​ ഉത്പാദന ഇടിവ്
കാർഷികോത്പന്നങ്ങളുടെ വില കുതിക്കുമ്പോഴും ഉത്പാദനം കുറയുന്നതാണ് കർഷകരെ വലയ്ക്കുന്നത്. കനത്ത ചൂടിൽ ഏക്കറുകണക്കിന് കുരുമുളകും ഏലവുമാണ് നശിച്ചത്. ഇതിനിടെ കുരുമുളക് വില ഇനിയും കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ ചരക്ക് വില്ക്കാൻ തയ്യാറാകുന്നില്ല.

ഏലക്കൃഷിയെല്ലാം വീണ്ടും നടേണ്ട അവസ്ഥയുണ്ട്. ഏക്കറിന് മൂന്ന് ലക്ഷം രൂപയെങ്കിലും ഇതി​നായി​ ചെലവ് വരും. പണിക്കൂലിയും വേറെ വരും. റീപ്ലാന്റ് ചെയ്താലും ഉത്പാദനം ലഭിക്കാൻ രണ്ട് വർഷമെടുക്കും. അതിനാൽ ഏലം വില ഇനിയും ഉയരും. -ആന്റണി മാത്യു (കാർഡമം ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡന്റ്)