തിരുവനന്തപുരം: ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലായി ആകെയുള്ളത് 2,730 ബൂത്തുകൾ. 1,307 ബൂത്തുകൾ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലും 1423 ബൂത്തുകൾ ആറ്റിങ്ങൽ മണ്ഡലത്തിലുമാണ്.
എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറൽ ഓഫീസർമാരുടെ മേൽനോട്ടത്തിൽ സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ശൗചാലയങ്ങൾ ഇല്ലാത്ത ബൂത്തുകളിൽ ബയോ ടോയ്ലെറ്റും നെറ്റ്‌വർക്ക് കണക്ടിവിറ്റി ഇല്ലാത്ത നാല് പോളിംഗ് ബൂത്തുകളിൽ ഇന്റർനെറ്റ് ലഭ്യതയും ഉറപ്പുവരുത്തി. 42 മോഡൽ പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയിൽ ആകെ 134 പ്രശ്ന ബാധിത ബൂത്തുകളാണുള്ളത്. സെക്ടറൽ ഓഫീസർമാരുടെ നിരീക്ഷണത്തിലുള്ള ഈ ബൂത്തുകളിൽ സുരക്ഷ ഉറപ്പുവരുത്താൻ വെബ്കാസ്റ്റിംഗ് സംവിധാനവും പ്രത്യേക പൊലീസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്. പോളിംഗ് ഡ്യൂട്ടി നിർവഹിക്കുന്നതിനായി 3831 പ്രിസൈഡിംഗ് ഓഫീസർമാരെയും 3831 ഫസ്റ്റ് പോളിംഗ് ഓഫീസർമാരെയും 7662 പോളിംഗ് ഓഫീസർമാരെയും നിയമിച്ചിട്ടുണ്ട്.
പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്ന്
തിരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മുതൽ ആരംഭിക്കും. ആറ്റിങ്ങൽ,തിരുവനന്തപുരം പാർലമെന്റ് മണ്ഡലങ്ങളിലായുള്ള 14 നിയോജക മണ്ഡലങ്ങളിലെയും വിതരണ കേന്ദ്രങ്ങളിൽ,അതത് നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർ തലത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.