
തിരുവനന്തപുരം: ഇളകിമറിഞ്ഞ ആവേശച്ചൂടിൽ കാലാശക്കൊട്ട്. ആറിടങ്ങളിൽ കൈയാങ്കളിയുടെ ചെണ്ടമേളം. ചിലയിടങ്ങളിൽ മഴയുടെ മേളക്കൊഴുപ്പ്. ആകാശത്തേക്ക് തലനീട്ടിനിൽക്കുന്ന ക്രെയ്നിന്റെ ബക്കറ്റിലേറിയായിരുന്നു പലയിടങ്ങളിലും സ്ഥാനാർത്ഥികളുടെ കലാശമേളം. പൊള്ളുന്ന വേനലിനു പിന്നാലെ എത്തിയ ചെറുമഴയിൽ കുതിർന്നാണ് തലസ്ഥാനത്ത് കലാശക്കൊട്ടിന് തിരശ്ശീല വീണത്.
ഒന്നര മസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറു മണിക്ക് കൊടിയിറങ്ങുമ്പോൾ മൂന്നുമുന്നണികളും ഒപ്പത്തിനൊപ്പമാണ് വിജയപ്രതീക്ഷ പങ്കുവച്ചത്. മിക്ക മണ്ഡലങ്ങളിലും കലാശക്കൊട്ട് സംഘർഷത്തിന്റെ വക്കിലെത്തി പിൻവാങ്ങി. ചിലയിടങ്ങളിൽ പൊടുന്നനെ പെയ്ത വേനൽമഴയ്ക്ക് അണികളുടെ ആവേശത്തെ തണുപ്പിക്കാനായില്ല. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിൽ യു.ഡി.എഫ് -എൽ.ഡി.എഫ് പ്രവർത്തകർ തമ്മിലുള്ള മത്സരം സംഘർഷത്തിലും കല്ലേറിലും കലാശിച്ചു. സി.ആർ.മഹേഷ് എം.എൽ.എയ്ക്ക് പരിക്കേറ്റു. സി.ഐ ഉൾപ്പെടെ നാലു പൊലീസുകാർക്കും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടിക്കും പരിക്കുണ്ട്.
നെയ്യാറ്റിൻകരയിൽ എൽ.ഡി.എഫ്- ബി.ജെ.പി പ്രവർത്തകരും പത്തനാപുരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ് പ്രവർത്തകരുമാണ് ഏറ്റുമുട്ടിയത്. മലപ്പുറം, മാവേലിക്കര, ചെങ്ങന്നൂർ, തൊടുപുഴ എന്നിവിടങ്ങളിലും ഏറ്റുമുട്ടലുണ്ടായി. ചില ഭാഗങ്ങളിൽ പൊലീസ് ലാത്തി വീശി. സംഘർഷ സാദ്ധ്യത മുന്നിൽക്കണ്ട് പല മണ്ഡലങ്ങളിലും പൊലീസ് കൊട്ടിക്കലാശത്തിന് പ്രത്യേകം പ്രത്യേകം സ്ഥലം നിശ്ചയിച്ചു നൽകിയിരുന്നു. ഇന്ന് നിശബ്ദപ്രവർത്തനങ്ങളുടെ അടിയൊഴുക്കാണ്. നാളെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങും.
ആവേശം വാനോളം
മുമ്പെങ്ങുമില്ലാത്ത ആവേശമാണ് ഇത്തവണ എല്ലാ ലോക് സഭ മണ്ഡലങ്ങളിലും കാണാനായത്. രാവിലെ മുതൽ തുറന്ന വാഹനങ്ങളിൽ സ്ഥാനാർത്ഥികൾ റോഡ് ഷോയ്ക്ക് ഇറങ്ങി. ജില്ല ആസ്ഥാനങ്ങളും മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളുമാണ് കൊട്ടിക്കലാശത്തിന് വേദിയായത്. അസംബ്ളി മണ്ഡലങ്ങൾ കേന്ദ്രീകരിച്ചും പ്രവർത്തകർ പ്രചാരണ സമാപനം ആഘോഷമാക്കി. നിരവധി അനൗൺസ്മെന്റ് വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞു.
നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളിൽ യുവതീ-യുവാക്കൾ റോഡ് ഷോയുടെ ഭാഗമായി. ഉച്ചകഴിഞ്ഞതോടെ ആവേശം ആഘോഷമായി. റോഡുകൾ തിങ്ങിനിറഞ്ഞു. കൊടികൾ വീശിയും വർണ്ണബലൂണുകൾ പറത്തിയും പ്രവർത്തകർ മുദ്രാവാക്യങ്ങൾ മുഴക്കി. അഞ്ചു മണി കഴിഞ്ഞതോടെ വീറ് ഉച്ചസ്ഥായിയിലായി. രംഗം വഷളാവാതിരിക്കാൻ പൊലീസ് ജാഗരൂകരായി. സ്ഥാനാർത്ഥികളെ ക്രെയിനിലും ജെ.സി.ബിയിലും എടുത്തുയർത്തിയും പ്രവർത്തകർ ആവേശം ജ്വലിപ്പിച്ചു.