vld1

വെള്ളറട: ശക്തമായ മഴയിലും ആവേശം കൈവിടാതെ വെള്ളടയിൽ മുന്നണികളുടെ കൊട്ടിക്കലാശം നടന്നു.എന്നാൽ പൊലീസ് ഏർപ്പെടുത്തിയിരുന്ന ക്രമീകരണങ്ങൾ തെറ്റി.വൈകിട്ട് 4മുതൽ 5വരെയാണ് കൊട്ടിക്കലാശത്തിന് മുന്നണികൾക്ക് പൊലീസ് വെള്ളറട ടൗണിലെ മൂന്ന് റോഡുകൾ വീതിച്ചുനൽകിയത്.എന്നാൽ 3ഓടെ എൻ.ഡി.എ പ്രവർത്തകർ ടൗണിലെത്തിത്തുടങ്ങി. തൊട്ടുപിന്നാലെ യു.ഡി.എഫ് പ്രവർത്തകരുമെത്തി.

മൂന്ന് മുന്നണികളും അവർക്ക് അനുവദിച്ചിരുന്ന റോഡുകളിൽ കേന്ദ്രീകരിച്ചതുകാരണം പ്രശ്നങ്ങളില്ലാതെ സമാപിച്ചു.4.15ഓടെ ശക്തമായ മഴപെയ്തു തുടങ്ങിയെങ്കിലും പ്രവർത്തകർ ആവേശം കൈവിടാതെ മുദ്രാവാക്യം വിളികളുമായി റോഡിൽ തന്നെ കൂടിയിരുന്നു.5 20ഓടെ പൊലീസ് ഇടപെട്ടതോടെ കൊട്ടിക്കലാശത്തിന് സമാപനമായി.വെള്ളറട - നെയ്യാറ്റിൻക റൂട്ടിലും കാട്ടാക്കട - വെള്ളറട റൂട്ടിലും വെള്ളറട - നെടുമങ്ങാട് റൂട്ടിലും മൂന്ന് മണി മുതൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. യാത്രക്കാരുമായെത്തിയ ബസുകൾ കൊട്ടിക്കലാശത്തിനിടയിൽപ്പെട്ടു. കുന്നത്തുകാലിലും കൊട്ടിക്കലാശം സമാധാനപരമായിരുന്നു.അഞ്ചരയോടുകൂടി സമാപിച്ചു.അമ്പൂരിയിൽ എൽ.ഡി.എഫിന്റെ കൊട്ടിക്കലാശം മാത്രമാണ് നടന്നത്. ആര്യങ്കോടും,​മണ്ഡപത്തിൻകടവിലും മൂന്നു മുന്നണികളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. 6നാണ് അവിടെ സമാപിച്ചത്. വെള്ളറടയിലെ കൊട്ടിക്കലാശം കാണാൻ റോഡിന് ഇരുവശവും കെട്ടിടങ്ങളുടെ മുകളിലും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു.