pvl

ആര്യനാട്: കലാശക്കൊട്ടിനിടെ ആര്യനാട്ട് എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.പൊലീസ് ഇടപെട്ടിട്ടും പ്രവർത്തകർ ശാന്തരാകാത്തതിനെത്തുടർന്ന് പൊലീസ് ചെറിയ തോതിൽ ലാത്തി വീശി പ്രവർത്തകരെ ഓടിച്ചു. കോൺഗ്രസ് പ്രവർത്തകൻ അയ്യൻകാലാമഠം സ്വദേശി അരുണിന്റെ നെറ്റിക്ക് പരിക്കേറ്റു. തുടർന്ന് ഇരുവിഭാഗം പ്രവർത്തകരുടെയും ഇടയിൽ പൊലീസ് നിലയുറപ്പിച്ചു.പിന്നാലെ ശക്തമായ മഴ എത്തിയതോടെ കുറച്ച് പ്രവർത്തകർ പിൻവാങ്ങി.വൈകിട്ട് 3ഓടെ തന്നെ മൂന്ന് മുന്നണികളുടെയും പ്രചാരണ വാഹനങ്ങൾ പാലം ജംഗ്ഷനിലെത്തി.

ഡി.വൈ.എഫ്.ഐ പ്രവർത്തകരും പൊലീസും തമ്മിലാണ് ആദ്യം ഉന്തും തള്ളുമുണ്ടായത്.പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനും ആര്യനാട് പൊലീസ് ഇൻസ്പെക്ടർ ജെ.ജിനേഷും ഇടപെട്ട് രംഗം ശാന്തമാക്കി.തുടർന്ന് റോഡിൽ വാഹനം ഇടുന്നതുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് - യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമായി. ഇരുവിഭാഗങ്ങളിലേയും നേതാക്കൾ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.