
നെടുമങ്ങാട്: നാട്ടുകാരുടെയും കൂട്ടുകാരുടെയും ഏതാവശ്യത്തിനും ഓടിയെത്തിയിരുന്ന ചെറുപ്പക്കാരൻ. പി.എസ്.സി പരിശീലനത്തിലും പഠനത്തിലും സഹപാഠികളുടെ മാതൃക. പാണയം പട്ടത്താനത്ത് പൂരം വില്ലയിൽ ദുർഗേഷിന്റെ (24) അകാല വിയോഗം ഇനിയും വിശ്വസിക്കാൻ പ്രിയപ്പെട്ടവർക്കാവുന്നില്ല. കഴിഞ്ഞ 21ന് വൈകിട്ട് മൂന്നരയോടെ പേരയം ജംഗ്ഷനിൽ നിയന്ത്രണം തെറ്റി വന്ന ഓട്ടോറിക്ഷ ഇടിച്ചാണ് ദുർഗേഷ് മരിച്ചത്. അയൽവാസിയായ സുഹൃത്തിനൊപ്പം നന്ദിയോട് താമസിക്കുന്ന ഇളയമ്മയുടെ വീട്ടിൽ പോയി ബൈക്കിൽ മടങ്ങവേയാണ് അമിത വേഗതയിൽ ദിശ മാറി വന്ന ഓട്ടോ യുവാവിന്റെ ജീവനെടുത്തത്. ബൈക്ക് ഓടിച്ചിരുന്ന നിതിൻ ഇപ്പോഴും മെഡിക്കൽ കോളേജിൽ ഐ.സി.യുവിലാണ്. പിൻസീറ്റ് യാത്രക്കാരനായ ദുർഗേഷ് റോഡരികിലെ കടയുടെ ഭിത്തിയിലേക്ക് തലയിടിച്ചുവീണ് ചോര വാർന്നാണ് മരിച്ചത്. മുക്കാൽ മണിക്കൂറോളം അപകടസ്ഥലത്ത് കിടന്ന യുവാവിനെ യഥാസമയം ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു. ആനാട് ശ്രീനാരായണ വിലാസം സ്കൂളിലും ദർശന സ്കൂളിലും മികച്ച വിദ്യാർത്ഥിയായിരുന്നു. ചെമ്പഴന്തി എസ്.എൻ കോളേജിൽ ബി.എസ്.സി സൈക്കോളജി പാസായി മിലിട്ടറി ട്രെയിനിംഗ് നടത്തുകയായിരുന്നു. എ.ബി.വി.പി മേഖല ഭാരവാഹിയും ബി.ജെ.പി പ്രവർത്തകനുമാണ്. പനവൂർ ജംഗ്ഷനിൽ നിന്ന് വിലാപയാത്രയായി പാണയത്ത് എത്തിച്ച മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഞ്ചയനം 28 ന് രാവിലെ 9ന്.