തിരുവനന്തപുരം: സ്ഥാനാർത്ഥികളെ ആകാശത്തോളമുയർത്തിയ പ്രകടനങ്ങളോടെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് പേരൂർക്കടയിൽ ആവേശകരമായ കൊട്ടിക്കലാശം. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം മൂന്നോടെ ആരംഭിച്ച കൊട്ടിക്കലാശം കൊടുംചൂടിലും പിന്നീടുണ്ടായ മഴയിലും പ്രവർത്തകരുടെ ആവേശം കുറച്ചില്ല.

ജംഗ്ഷനിൽ അണിനിരന്ന പ്രവർത്തകർക്കൊപ്പം മൂന്ന് സ്ഥാനാർത്ഥികളും മുന്നണി നേതാക്കളുമെത്തിയതോടെ കൊട്ടിക്കലാശം പൂരം കൊടിയിറങ്ങിയതിന് സമാനമായി. മൂന്ന് റോഡുകൾ സംഗമിക്കുന്ന ജംഗ്ഷനിൽ സ്ഥാനാർത്ഥികളുടെ പ്രചാരണ വാഹനങ്ങളും കൊട്ടിക്കലാശത്തിനായി കൊണ്ടുവന്ന ക്രെയിനുകളും പാർട്ടിപ്രവർത്തകരും നിറഞ്ഞതോടെ ഇന്നലെ മൂന്നു മുതൽ ആറ് വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ശശി തരൂരും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റിൽ നിന്നുകൊണ്ട് ഉയരത്തിൽ നിന്ന് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തപ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ പ്രത്യേകം തയാറാക്കിയ സ്റ്റേജിൽ നിന്നുകൊണ്ടുതന്നെ പ്രവർത്തകരുടെ ആവേശത്തിൽ പങ്കുചേർന്നു. വി.കെ.പ്രശാന്ത് എം.എൽ.എ,​മേയർ ആര്യാ രാജേന്ദ്രൻ,​മുൻ നിയമസഭ സ്‌പീക്കർ,​എം.വിജയകുമാർ,​സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ എന്നിവരും പന്ന്യൻ രവീന്ദ്രനൊപ്പമുണ്ടായിരുന്നു.

ചെണ്ടമേളം,​ബാന്റുമേളം,പേപ്പർ ഷോട്ട്,​വെടിക്കെട്ട്,​പൂക്കാവടി,​ബൈക്ക് റാലി എന്നിവയുടെ അകമ്പടിയോടെയാണ് വിവിധ സ്ഥലത്തെ പര്യടനത്തിന് ശേഷം സ്ഥാനാർത്ഥികൾ കൊട്ടിക്കലാശത്തിനായി പേരൂർക്കടയിലെത്തിച്ചേർന്നത്. നാലോയോടെ പന്ന്യൻ രവീന്ദ്രനാണ് ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ശശി തരൂരും അതിനു ശേഷം രാജീവ് ചന്ദ്രശേഖറും സ്ഥലത്തെത്തി. ശശി തരൂരാണ് ആദ്യം ക്രെയിനിലേറി പ്രവർത്തകരെ അഭിവാദ്യം ചെയ്‌തത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മനും ശശി തരൂരിനൊപ്പം ക്രെയിനിൽ ഘടിപ്പിച്ച ബക്കറ്റിൽ നിന്നുകൊണ്ട് പ്രവർത്തകരെ അഭിവാദ്യം ചെയ്‌തു.

ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കൂടി സ്ഥലത്തെത്തിയതോടെ ക്രെയിനിന്റെ തലപ്പൊക്കം കാട്ടുന്നതിന്റെയും പേപ്പർ ഷോട്ട് മെഷീനിലൂടെ വർണക്കടലാസുകൾ പറത്തുന്നതിന്റെയും മത്സരമാണ് പിന്നീടുണ്ടായത്. പാർട്ടി പതാകകളും അതേ നിറത്തിലുള്ള ബലൂണുകളും പേപ്പർ കഷ്ണങ്ങളും വർണവിന്യാസം തീർത്തു. രാജീവ് ചന്ദ്രശേഖറിന്റെ പത്നി അഞ്ജുവും മകൻ വേദും സ്ഥാനാർത്ഥിക്കൊപ്പം എത്തിയിരുന്നു. മുതിർന്ന നേതാക്കളായ ഒ.രാജഗോപാൽ,​കുമ്മനം രാജശേഖരൻ,​പി.കെ.കൃഷ്ണദാസ് എന്നിവരും കലാശക്കൊട്ടിൽ പ്രവർത്തകർക്കൊപ്പം പങ്കുചേർന്നു. സ്ഥാനാർത്ഥിക്കൊപ്പം ക്രെയിനിലെ ബക്കറ്റിൽ കയറിനിന്ന ബി.ജെ.പി ജില്ലാ സെക്രട്ടറി വി.വി.രാജേഷ് രാജീവ് ചന്ദ്രശേഖറിന്റെ ഫ്ളക്‌സിൽ പാലഭിഷേകം നടത്തിയാണ് ആവേശം പ്രകടിപ്പിച്ചത്. ചെറിയ തർക്കങ്ങളുണ്ടായതൊഴിച്ചാൽ മൂന്നു പാർട്ടിയിലെയും പ്രവർത്തകർ ആടിത്തിമിർത്തു. പ്രവർത്തകരെ നിയന്ത്രിക്കുന്നതിനായി നൂറുകണക്കിന് പൊലീസ്,അഗ്നിശമന സേനാ ഉദ്യോഗസ്ഥരെയും സ്ഥലത്ത് വിന്യസിച്ചിരുന്നു.