
തിരുവനന്തപുരം: പോളിംഗ് ബൂത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വോട്ട് ചെയ്യേണ്ട സമയവും ക്രമവും ഓൺലൈനായി ബുക്ക് ചെയ്യാമെന്നും ക്യൂ നിൽക്കാതെ വോട്ട് ചെയ്യാമെന്നുമടക്കം വാട്സാപ്പിലോ മെസഞ്ചറിലോ സന്ദേശമെത്തിയാൽ സൂക്ഷിക്കുക, സംഗതി വ്യാജമാണ്. ബുക്ക് ചെയ്യാൻ തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്താൽ ഫോൺഗ്യാലറിയിലെ ചിത്രങ്ങളും വീഡിയോകളുമടക്കം ഹാക്കർ കൈവശപ്പെടുത്തും. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇത്തരം സന്ദേശങ്ങൾ നൽകാറില്ല.
'സാങ്കേതിക കാരണങ്ങളാൽ വോട്ടർ പട്ടികയിൽ നിന്ന് നിങ്ങൾ പുറത്താക്കപ്പെട്ടിരിക്കുന്നു. പേര് വീണ്ടും ചേർക്കാൻ ഉടൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക...' ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളും തട്ടിപ്പാണ്. വോട്ടിംഗ് സ്ലിപ്പ് മുൻകൂട്ടി ഡൗൺലോഡ് ചെയ്യാമെന്ന അറിയിപ്പോടെ വരുന്ന സന്ദേശങ്ങളും സൂക്ഷിക്കണം.
ഫോണിലെ സ്വകാര്യ വിവരങ്ങൾ ഉൾപ്പെടെ ചോർത്തുന്ന മാൽവെയറുകൾ ആകും ഇത്തരം ലിങ്കുകൾ. അതിൽ ക്ലിക്ക് ചെയ്താൽ ആധാർ അടക്കമുള്ള വ്യക്തിവിവരങ്ങൾ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. ഫോണിൽ വരുന്ന ഒ.ടി.പിയും ടൈപ്പ് ചെയ്യാൻ പറയും. ഇതോടെ ബാങ്ക് അക്കൗണ്ടിലേക്ക് ഹാക്കർക്ക് നിയന്ത്രണം ലഭിക്കും. പണം തട്ടിയെടുക്കും.
പ്രാങ്ക് കാളുകൾ
സ്ഥാനാർത്ഥികളുടെ അതേ ശബ്ദത്തിൽ പ്രാങ്ക് കാളുകളും വന്നേക്കാം. ഞാൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയാണെന്നും മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യണമെന്നുമാകും സന്ദേശം. ബാലറ്റ് പേപ്പറിൽ സ്ഥാനാർത്ഥിയുടെ ക്രമനമ്പറിന്റെ അറിയിപ്പ് നൽകുന്ന പ്രാങ്ക് കാളുകളും വന്നേക്കാം. പോളിംഗ് ബൂത്തിൽ മാറ്റമുണ്ടെന്നും ഇലക്ഷൻ റദ്ദാക്കിയെന്നുമുള്ള പ്രാങ്കുകളും പ്രതീക്ഷിക്കാം.
ശ്രദ്ധിക്കേണ്ടത്
വോട്ടിംഗിന് മുൻകൂർ ബുക്കിംഗ് ഇല്ല
തിര. കമ്മിഷന്റെ പേരിൽ വരുന്ന അപരിചിതമായ ലിങ്കുകൾ തുറക്കരുത്
ആധാർ നമ്പറും ഒ.ടി.പിയും ആരുമായും പങ്കുവയ്ക്കരുത്
സൈബർ ഹെൽപ്പ് ലൈൻ നമ്പർ 1930