തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ വിജയം ഇടതുമുന്നണി സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് ആയിരിക്കുമെന്നതിൽ ഒരു സംശയവും വേണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ. കൃത്യമായി ചിട്ടപ്പെടുത്തിയ രീതിയിലാണ് എൽ.ഡി.എഫിന്റെ പ്രചാരണം മണ്ഡലത്തിൽ മുന്നേറിയത്. തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അവസാനവട്ട വിലയിരുത്തൽ പ്രകാരം 2005ലെ തിരഞ്ഞെടുപ്പിൽ പന്ന്യൻ വിജയിച്ചതിനേക്കാൾ ഉയർന്ന ഭൂരിപക്ഷം ഇക്കുറി ലഭിക്കുമെന്നും അദ്ദേഹം കേരളകൗമുദിയോട് പറഞ്ഞു.
? പന്ന്യന്റെ വിജയം സുനിശ്ചിതമാക്കുന്ന
പ്രധാന ഘടകങ്ങൾ
പന്ന്യൻ രവീന്ദ്രന്റെ സ്വീകാര്യതയാണ് ഏറ്റവും പ്രധാനം. തിരുവനന്തപുരത്തുകാരെ സംബന്ധിച്ച് പന്ന്യൻ രവീന്ദ്രൻ മുഖവുര ആവശ്യമില്ലാത്ത നേതാവാണ്. കഴിഞ്ഞ 40 വർഷമായി ഇവിടുത്തെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി അദ്ദേഹം തുടരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും എൽ.ഡി.എഫിന്റെയും നേതാവ് എന്നതിനപ്പുറത്ത് തിരുവനന്തപുരത്തിന്റെ സാമൂഹിക ജീവിതത്തിന്റെ എല്ലാതലങ്ങളിലും ആഴത്തിൽ സ്വാധീനം ചെലുത്തുന്ന നേതാവാണ് അദ്ദേഹം. പന്ന്യൻ രവീന്ദ്രന്റെ സാന്നിദ്ധ്യമില്ലാത്ത സാംസ്‌കാരിക വേദികൾ തലസ്ഥാനത്ത് വിരളമായിരിക്കും. കലാ-കായിക മേഖലയിലും സാംസ്‌കാരിക-സാഹിത്യ രംഗങ്ങളിലും പന്ന്യന്റെ സാന്നിദ്ധ്യം തലസ്ഥാനത്തിന് അനിവാര്യമാണ്. എത്ര ചെറിയ പരിപാടിയാണെങ്കിലും മറ്റുതിരക്കുകൾ മാറ്റിവച്ച് ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ സമയം കണ്ടെത്തുന്ന ശൈലിയാണ് മറ്റുള്ളവരിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. പ്രാസംഗികനായി മാത്രമല്ല ശ്രോതാവായും ഇത്തരം വേദികളിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടാകാറുണ്ട്.
? തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്നാണല്ലോ
പൊതുവേയുള്ള വിലയിരുത്തൽ
അത് ശരിയല്ല. മറ്റ് രണ്ട് സ്ഥാനാർത്ഥികളെയും അപേക്ഷിച്ച് പന്ന്യൻ രവീന്ദ്രൻ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വളരെ പിന്നാക്കം പോയി. ബി.ജെ.പി സ്ഥാനാർത്ഥി കളത്തിന് പുറത്താണെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ക്രോസ് വോട്ടിംഗ് നടന്നെന്നും മറ്റുമുള്ള അദ്ദേഹത്തിന്റെ ആരോപണം. കൃത്യമായ രാഷ്ട്രീയം പറഞ്ഞും മണ്ഡലത്തിൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലെ വികസനമില്ലായ്‌മ ഉയർത്തിക്കാട്ടിയുമുള്ള പോരാട്ടത്തിൽ ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈയുണ്ട്.
? പ്രചാരണരംഗത്ത് ഇടതുമുന്നണി
മുഖ്യമായും ഉന്നയിച്ച വിഷയങ്ങൾ
മണ്ഡലത്തിൽ കഴിഞ്ഞ 15 വർഷത്തെ വികസന മുരടിപ്പാണ് മുഖ്യമായും ഉന്നയിച്ചത്. വികസന രാഷ്ട്രീയ പ്രശ്‌നങ്ങൾ ഒരുപോലെ ഉയർത്തിക്കാട്ടി നടത്തിയ പ്രചാരണം പൂർണ അർത്ഥത്തിൽ ഫലം കണ്ടതിന്റെ ആത്മവിശ്വാസത്തിലാണ് സ്ഥാനാർത്ഥിയും എൽ.ഡി.എഫ് പ്രവർത്തകരും.
എം.പിയായിരുന്ന കാലത്ത് മണ്ഡലത്തിൽ നടപ്പാക്കിയ വികസനം എണ്ണിപ്പറഞ്ഞാണ് പന്ന്യൻ വോട്ടർമാരെ കണ്ടത്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ സമീപകാല ചരിത്രത്തിൽ ഏറ്റവും കുറച്ചുകാലം എം.പിയായിരുന്ന ആളാണ് പന്ന്യൻ രവീന്ദ്രൻ. 40 മാസങ്ങളാണ് അദ്ദേഹം ആ ചുമതല വഹിച്ചിരുന്നത്. എന്നാൽ വികസന കാര്യങ്ങളിൽ റെക്കാഡിട്ട എം.പി കൂടിയാണ്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിന്റെ അടിസ്ഥാന വികസന പ്രശ്‌നങ്ങൾക്ക് പലതിനും ഇക്കാലയളവിൽ പരിഹാരം കാണാൻ സാധിച്ചു. കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ വികസനം അതിന് ഉദാഹരണമാണ്.
പന്ന്യൻ എം.പി ആകുന്നതുവരെ കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തീർത്തും അപ്രസക്തമായ ഒരു റെയിൽവേ സ്റ്റേഷനായിരുന്നു. അതിനെ ഇന്ന് കാണുന്ന പ്രാധാന്യത്തോടെ വികസിപ്പിച്ചതിന് പിന്നിൽ അദ്ദേഹത്തിന്റെ ഇടപെടലുകൾ നിർണായകമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് എയിംസിന്റെ പദവി നഷ്ടമായത് അന്നത്തെ യു.ഡി.എഫ് സർക്കാരിന്റെ ഇടപെടൽ കൊണ്ടായിരുന്നു. ആ നഷ്ടത്തിന്റെ ആഴം മനസിലാക്കി പാർലമെന്റിലെ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്ന പന്ന്യൻ നിരന്തരമായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്. ചാക്കയിലെ ഹാങ്ങർ യൂണിറ്റും വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലും പന്ന്യന്റെ സംഭാവനകളാണ്. ഒരുപക്ഷേ കേരളത്തിൽ ആദ്യമായി ഒരു സർക്കാർ സ്‌കൂളിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിക്കുന്നതിന് എം.പി ഫണ്ടിൽ നിന്ന് പണം അനുവദിച്ച ജനപ്രതിനിധി പന്ന്യനായിരിക്കും.
കോട്ടൺഹിൽ സ്‌കൂളിൽ 20 ലക്ഷം രൂപ ചെലവാക്കിയാണ് ഓപ്പൺ എയർ ഓഡിറ്റോറിയം നിർമ്മിച്ചത്. 11 പുതിയ ട്രെയിൻ സർവീസുകൾ മൂന്നര വർഷത്തിനിടയിൽ തിരുവനന്തപുരത്തു നിന്ന് അനുവദിപ്പിച്ചതും അദ്ദേഹമാണ്. എം.പി എന്ന നിലയിൽ ലഭിക്കുന്ന ആനുകൂല്യങ്ങളിലും സുഖസൗകര്യങ്ങളിലും പരിഗണനയിലും ഒന്നുമായിരുന്നില്ല, മറിച്ച് ആ അധികാരങ്ങളുപയോഗിച്ച് ജനങ്ങൾക്കും നാടിനും വേണ്ടി എന്ത് ചെയ്യാനാകും എന്നുമാത്രമാണ് അദ്ദേഹം ചിന്തിച്ചത്. ഈ ബോദ്ധ്യം തലസ്ഥാനത്തെ ജനങ്ങൾക്കുണ്ട് എന്നതിന്റെ തെളിവാണ് അദ്ദേഹം വീണ്ടും മത്സരിക്കാനെത്തുമ്പോൾ ജനങ്ങൾ നൽകുന്ന ഈ വരവേല്പ്.
? വലിയ പ്രചാരണമാണല്ലോ
എതിർ സ്ഥാനാർത്ഥികൾ കാട്ടിയത്
കോർപ്പറേറ്റുകളുടെ പ്രതിനിധികളായി മത്സരിക്കുന്ന എതിർ സ്ഥാനാർത്ഥികളുടെ എല്ലാ പി.ആർ വർക്കുകളുടെയും മുനയൊടിക്കാൻ പന്ന്യന്റെ ജനകീയതയ്‌ക്കായി. മണ്ഡലത്തിലെ സാധാരണക്കാരായ വോട്ടർമാരുമായുള്ള ഹൃദയബന്ധവും എം.പി ആയിരുന്ന കാലത്ത് മണ്ഡലത്തിൽ നടപ്പിലാക്കിയ വികസനങ്ങളും അദ്ദേഹത്തെ ജനങ്ങൾക്കിടയിൽ സ്വീകാര്യനാക്കി.
തൊഴിലാളി രംഗത്തുനിന്നു വരുന്ന തീർത്തും സാധാരണക്കാരനായ വ്യക്തിയാണ് പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയത്തിലെ അത്യപൂർവ മാതൃകകളിലൊരാളായ അദ്ദേഹത്തിന്റെ ലളിതജീവിത മാതൃക പുതിയ തലമുറയിലെ രാഷ്ട്രീയക്കാർക്കെല്ലാം പാഠം തന്നെയാണ്. ആഡംബര ജീവിതത്തോട് ഒരു കാലത്തും സമരസപ്പെടാൻ അദ്ദേഹം തയ്യാറായിട്ടില്ല. പാർട്ടി ഓഫീസിലെ ഒറ്റമുറിയിൽ താമസിച്ച് കേരളത്തിലാകെ നിറഞ്ഞുനിൽക്കുന്ന ഈ മാതൃകാ വ്യക്തിത്വം രാഷ്ട്രീയ കേരളത്തിന് നൽകുന്ന പ്രതീക്ഷ വലുതാണ്.
പന്ന്യൻ രവീന്ദ്രന്റെ ജനകീയത ഈ തിരഞ്ഞെടുപ്പു കാലത്ത് രാഷ്ട്രീയ എതിരാളികൾക്ക് സൃഷ്ടിച്ച അസ്വസ്ഥത ചെറുതല്ല. പന്ന്യനെ കാണാനും വാക്കുകൾ കേൾക്കാനും ഓരോ സ്വീകരണ കേന്ദ്രങ്ങളിലേക്കും ഒഴുകിയെത്തിയത് ആയിരങ്ങളാണ്. തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിയെ കാണാനായി ഇത്ര വലിയ ജനക്കൂട്ടം ഒഴുകിയെത്തിയ അനുഭവം മറ്റൊരു തിരഞ്ഞെടുപ്പിലും ഉണ്ടായിട്ടില്ല.
? വ്യക്തിപരമെന്ന് തോന്നിക്കും വിധമുള്ള ചില
അധിക്ഷേപങ്ങൾ എതിരാളികൾ ഉയർത്തിയല്ലോ
എല്ലാം കാണുകയും അറിയുകയും ചെയ്യുന്ന വോട്ടർമാർക്കിടയിൽ അതൊന്നും വിലപ്പോവില്ല. സ്വീകരണ ചടങ്ങുകളിൽ വൈകിയെത്തിയ ഘട്ടങ്ങളിൽ പോലും ഒരു പരിഭവവുമില്ലാതെ ജനക്കൂട്ടം കാത്തുനിന്ന കാഴ്ച ഇതിന് വലിയ ഉദാഹരണമാണ്. സ്വീകരണ യോഗങ്ങളിലെ സ്‌നേഹപ്രകടനങ്ങൾ അവരുടെ ഹൃദയത്തിൽ നിന്ന് വരുന്നതാണെന്ന് ബോദ്ധ്യമാകും. സ്ത്രീകളുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം എല്ലാ സ്വീകരണ കേന്ദ്രങ്ങളിലുമുണ്ടായിരുന്നു. ആരെല്ലാം വ്യക്തിപരമായി കടന്നാക്രമിക്കാൻ ശ്രമിച്ചാലും പന്ന്യൻ രവീന്ദ്രൻ മണ്ഡലത്തിലുണ്ടാക്കിയ മുന്നേറ്റത്തെ തടയാനാകില്ല.