12 ജില്ലകളിൽ യെല്ലോ അലർട്ട്
പാലക്കാട് 41, കൊല്ലം 39 ഡിഗ്രി
തിരുവനന്തപുരം: ജനലക്ഷങ്ങൾ വോട്ടിടാൻ ഇറങ്ങുന്ന ഇന്നും സംസ്ഥാനം ചുട്ടുപൊള്ളുമെന്ന് ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ്. വോട്ട് ചെയ്യാൻ പോകുന്നവരും വിവിധ പാർട്ടികളുടെ പ്രവർത്തകരും സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കാതെ സൂക്ഷിക്കണം. 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഇന്ന് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുക പാലക്കാട് ജില്ലയിലാണ്. 41 ഡിഗ്രിക്കാണ് സാദ്ധ്യത. ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട് കഴിഞ്ഞാൽ കൊലത്താവും അധിക ചൂട് അനുഭവപ്പെടുന്നത്. ഇവിടെ 39 ഡിഗ്രി വരെ ഉയരാം. സാധാരണയിൽ നിന്ന് 2 -4 ഡിഗ്രി ഉയർന്ന താപനില മറ്റു ജില്ലകളിലുമുണ്ടാകും.
അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് വൈകിട്ട് മൂന്നിനു ശേഷം വേനൽ മഴ കിട്ടിയേക്കും. ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. മേയ് രണ്ടാം വാരം വേനൽ മഴ സജീവമാകും.
മറ്റു ജില്ലകളിലെ ചൂട്
തൃശൂർ, കോഴിക്കോട് ജില്ലകളിൽ താപനില 38 ഡിഗ്രി വരെ ഉയരും
ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, കോട്ടയം, കണ്ണൂർ 37 ഡിഗ്രി വരെ
തിരുവനന്തപുരം, മലപ്പുറം, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെ
വേണം കരുതൽ
പാലക്കാട്,കൊല്ലം ജില്ലകളിൽ സുര്യാഘാത മുന്നറിയിപ്പുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണം
വോട്ടിടാൻ ക്യൂ നിൽക്കുമ്പോൾ വെയിൽ ശരീരത്തിൽ നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം
കുട്ടികൾ, ഗർഭിണികൾ,രോഗം ബാധിച്ചവർ എന്നിവർ വെയിലത്തിറങ്ങുമ്പോൾ കുട ചൂടണം
ശുദ്ധജലം കരുതണം. ഇടയ്ക്കിടയ്ക്ക് വെള്ളം കുടിക്കണം. അയവുള്ള വസ്ത്രം ധരിക്കണം
അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം
വെയിലേൽക്കാതെ ക്യൂ
നിൽക്കാൻ പന്തൽ
വോട്ടിടാൻ എത്തുന്നവർ ക്യൂ നിൽക്കുന്നത് തുറസ്സായ സ്ഥലത്തെങ്കിൽ പന്തലിടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദ്ദേശിച്ചു. ഇവിടങ്ങളിൽ കുടിവെള്ളം അടക്കമുള്ള സൗകര്യമൊരുക്കും. മെഡിക്കൽ സഹായം ലഭ്യമാക്കാൻ അടുത്ത സർക്കാർ ആശുപത്രിയുമായോ പ്രാഥമികാരോഗ്യ കേന്ദ്രവുമായോ സഹകരിച്ച് സംവിധാനമുറപ്പാക്കും.