vd-satheeshan

തിരുവനന്തപുരം: കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര സർക്കാരിനെ കേന്ദ്രത്തിൽ അധികാരത്തിലെത്തിക്കുകയാണ്
യു.ഡി.എഫ് ലക്ഷ്യമെന്നും അതിനായി വോട്ടർമാർ സഹകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അഭ്യർത്ഥിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും എതിരായ ജനവിധി കൂടിയാകണം പാർലമെന്റ് തിരഞ്ഞെടുപ്പെന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറഞ്ഞു.

പരാജയം ഉറപ്പായപ്പോൾ പ്രധാനമന്ത്രി പച്ചയ്ക്ക് വർഗീയത പറയുകയാണ്. പ്രധാനമന്ത്രിയെ നാണിപ്പിക്കുന്ന അധിക്ഷേപമാണ് രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ പ്രചരിപ്പിക്കുന്നത്. കേരളത്തിൽ എത്തുമ്പോൾ ക്രൈസ്തവരെ ചേർത്തുപിടിക്കുമെന്ന് പറയുന്നവർ മറ്റിടങ്ങളിൽ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കുന്നു. മണിപ്പൂരിൽ മുന്നൂറോളം പള്ളികളാണ് കത്തിച്ചത്. നൂറുകണക്കിന് പേർ കൊല്ലപ്പെട്ടു.

ഒരു കോടി പാവങ്ങൾക്ക് ഏഴ് മാസമായി പെൻഷൻ നൽകാതെയാണ് പിണറായി മുഖ്യമന്ത്രി ചമഞ്ഞു നടക്കുന്നത്. സർക്കാർ ആശുപത്രികളിൽ മരുന്നും മാവേലി സ്റ്റോറുകളിൽ സാധനങ്ങളുമില്ല. 16000 കോടി കരാറുകാർക്കും 40000 കോടി ജീവനക്കാർക്കും പെൻഷൻകാർക്കും നൽകാനുണ്ട്. ഖജനാവിൽ പൂച്ച പ്രസവിച്ച് കിടക്കുന്ന സ്ഥിതിയാണ്.