തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മുതൽ ദേശീയപാത 66നെ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുക്കൽ വരെ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (വിസിൽ)​ പൂർത്തിയാക്കി.ആകെ വേണ്ടിവരുന്ന 42 സെന്റ് ഭൂമിയിൽ 35.81 സെന്റാണ് ഏറ്റെടുത്തത്. ശേഷിക്കുന്ന 6.19 സെന്റ് ദേശീയപാത അതോറിട്ടിയാവും ഏറ്റെടുക്കുക.ഏറ്റെടുത്ത ഭൂമി ഉടൻതന്നെ തുറമുഖ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് കൈമാറും

ഭൂമി ഏറ്റെടുത്ത് നൽകിയ സാഹചര്യത്തിൽ ഉടൻതന്നെ അദാനി ഗ്രൂപ്പ് റോഡ് നിർമ്മാണത്തിനുള്ള ടെൻഡർ നടപടികളിലേക്ക് കടക്കും.അപ്രോച്ച് റോഡിന്റെ മുല്ലൂരിൽ നിന്നുള്ള ഭാഗത്താണ് നിർമ്മാണം. ജൂണിൽ ടെൻഡർ ക്ഷണിക്കാനാണ് ആലോചന.റോഡ് നിർമ്മിക്കുമ്പോൾ 29 കുടുംബങ്ങളെയാണ് ബാധിക്കുക. 78 മരങ്ങളും മുറിച്ചുമാറ്റേണ്ടി വരും.തുറമുഖത്തെ എൻ.എച്ച് 66ഉം ആയി ബന്ധിപ്പിക്കുന്നതിനുള്ള രണ്ട് കിലോമീറ്ററോളം ദൂരത്തിൽ നാലുവരിപ്പാത നിർമ്മാണം പുരോഗമിക്കുകയാണ്. ഈ പാതയിൽ രണ്ട് പാലങ്ങൾ പൂർത്തിയായിട്ടുണ്ട്.

അതേസമയം,​ വിഴിഞ്ഞം - നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ (ദേശീയപാത 866) കാര്യത്തിൽ നടപടി നീളുകയാണ്. 65 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തുക വിഹിതത്തിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ധാരണയിലെത്താത്തതിനെ തുടർന്നാണിത്. തുറമുഖത്തെ കന്യാകുമാരി-പനവേൽ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന പാതയാണ് ഔട്ടർ റിംഗ് റോഡ്.അതിനാൽ തുറമുഖം പ്രവർത്തനസജ്ജമാകുമ്പോൾ കണ്ടെയ്‌നർ ലോറികൾ ദേശീയപാത 66ലെത്താൻ സഞ്ചരിക്കുന്നത് ഇതുവഴിയാകും.മേയിൽ തുറമുഖ നിർമ്മാണം പൂർത്തിയാകുന്നതിനു പിന്നാലെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും.എന്നാൽ സ്ഥലമേറ്റെടുക്കൽ പോലും ആരംഭിച്ചിട്ടില്ലാത്തതിനാൽ ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമാകാൻ വൈകുമെന്നാണ് സൂചന.പദ്ധതി ആസൂത്രണം ചെയ്‌തപ്പോൾത്തന്നെ സ്ഥലമേറ്റെടുക്കലിനാവശ്യമായ തുകയുടെ 50 ശതമാനം വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു.പിന്നീട് ഇതിൽ നിന്ന് സംസ്ഥാനം പിന്മാറിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.ആദ്യം ആസൂത്രണം ചെയ്‌ത 45 മീറ്ററിനു പകരം 60 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.ഇതിനിടെ റോഡ് നിർമ്മാണ സാമഗ്രികളുടെ നികുതി സംസ്ഥാനം ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രവും മുന്നോട്ടുവച്ചു. ഇൗ മൂന്ന് കാര്യങ്ങളിലും അന്തിമ തീരുമാനമുണ്ടാകുന്നതോടെ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച പ്രതിസന്ധി തീരും.വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി വന്നിട്ടില്ലെന്നാണ് വിവരം.