ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് വട്ടിയൂർക്കാവിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലെ അഞ്ച് സ്ഥാനാർത്ഥികൾ ഇന്ന് തലസ്ഥാനത്ത് വോട്ട് ചെയ്യും. ബംഗാൾ ഗവർണർ സി.വി. ആനന്ദബോസിനും ഇവിടെയാണ് വോട്ട്. അദ്ദേഹവു ഭാര്യയും കൊച്ചുമകനും വട്ടിയൂർക്കാവിൽ വോട്ട് ചെയ്യും.
തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശി തരൂരിന് കോട്ടൺഹിൽ ഹൈസ്‌കൂളിലാണ് വോട്ട്. പത്തനംതിട്ട എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ ആന്റണി ഇന്നലെ വൈകിട്ട് വീട്ടിലെത്തി. പ്രവർത്തകർക്കൊപ്പം രാവിലെ ജഗതി സ്‌കൂളിൽ വോട്ട് ചെയ്യും. കേന്ദ്രമന്ത്രി വി. മുരളീധരൻ കൊച്ചുള്ളൂരിലും കൃഷ്ണകുമാർ കാഞ്ഞിരംപാറ യു.പി.എസിലും വോട്ട് ചെയ്യും.തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ ജവഹർ നഗർ സ്‌കൂളിലാണ് വോട്ട്.
തിരുവനന്തരുരം എൽ.ഡി.എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കണ്ണൂരിൽ വോട്ട് ചെയ്‌ത ശേഷം ഉച്ചയോടെ തിരിച്ചെത്തും. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വോട്ട് ബംഗളൂരുവിലാണ്. മുതിർന്ന ബി.ജെ.പി നേതാവും മുൻ എം.എൽ.എയുമായ ഒ.രാജഗോപാൽ ജവഹർനഗർ എൽ.പി.എസിൽ വോട്ട് ചെയ്യും. കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ, കോൺഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്റണി എന്നിവർ ജഗതി ഹൈസ്‌കുളിൽ വോട്ട് ചെയ്യും. രാഷ്ട്രീയകാര്യസമിതി അംഗവും മുൻ കെ.പി.സി.സി അദ്ധ്യക്ഷനുമായ വി.എം. സുധീരൻ കുന്നുകുഴി യു.പി സ്‌കൂളിലും തെന്നല ബാലകൃഷ്ണ പിള്ള ഏണിക്കര എൽ.പി.എസിലും വോട്ട് ചെയ്യും.
സി.പി.എം പി.ബി അംഗങ്ങളായ എസ്.രാമചന്ദ്രൻ പിള്ള പി.എം.ജിയിലുള്ള ഗവ.സിറ്റി വി.എച്ച്.എസ്.എസിലും എം.എ. ബേബി സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്‌കൂളിലും, മന്ത്രിമാരായ ജി.ആർ. അനിൽ നീറമൺകര എൻ.എസ്.എസിലും വി.ശിവൻകുട്ടി ഇഞ്ചയ്ക്കൽ എൽ.പി.എസിലും വോട്ട് ചെയ്യും.
ആർച്ച് ബിഷപ്പ് ക്ലിമീസ് കതോലിക്ക ബാവ പട്ടം ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലും ആർച്ച് ബിഷപ്പ് എമിരറ്റസ് ഡോ. എം. സൂസൈപാക്യം, ആർച്ച് ബിഷപ്പ് തോമസ്.ജെ നെറ്റോ, മറ്റ് വൈദികർ എന്നിവർ ജവഹർ നഗർ എൽ.പി.എസിൽ വോട്ട് ചെയ്യും. മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് മണ്ണാറശ്ശാല യു.പി സ്കൂളിൽ രാവിലെ 8 ന് വോട്ടു ചെയ്യും.
സുരേഷ് ഗോപിക്ക് വോട്ട് തൃശൂരിൽ
തൃശൂരിലെ എൻ. ഡി. എ സ്ഥാനാർത്ഥി സുരേഷ് ഗോപി രാവിലെ ആറരയോടെ മുക്കാട്ട്കര സെന്റ്‌ജോർജ്ജ് സ്‌കൂളിൽ വോട്ട് ചെയ്യും. ഭാര്യ രാധിക, ഭാര്യാ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് ചെയ്യും.