തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് പഴുതടച്ച സേനാവിന്യാസം. 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ആകെയുള്ള 25,231 ബൂത്തുകളിലും കർശന സുരക്ഷയുണ്ടാകും. 62 കമ്പനികളിലായി 4,464 കേന്ദ്രസേനാംഗങ്ങളാണ് സംസ്ഥാനത്തുള്ളത്. പ്രശ്നബാധിത ബൂത്തുകളിൽ ഇവരെ കൂടുതലായി നിയോഗിച്ചു. മാവോയിസ്റ്റുകൾ വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തിട്ടുള്ള വടക്കൻ ജില്ലകളിൽ കൂടുതലായി കേന്ദ്രസേനയേയും തണ്ടർബോൾട്ടിനെയും വിന്യസിച്ചു.

1500 തമിഴ്നാട് പൊലീസും വിമുക്ത ഭടന്മാരുമടക്കം 24,327 സ്പെഷ്യൽ പൊലീസും രംഗത്തുണ്ട്. 183 ഡിവൈ.എസ്.പിമാരെയും 100 ഇൻസ്പെക്ടർമാരെയും 4,540 എസ്.ഐ, എ.എസ്.ഐമാരെയും സുരക്ഷയ്ക്ക് നിയോഗിച്ചു. സായുധ ബറ്റാലിയനിലെ 4383 അംഗങ്ങളും ബൂത്തുകൾക്ക് കാവലിനുണ്ടാവും.

ബൂത്തുകളിൽ 1903 എണ്ണം പ്രശ്നബാധിതമാണ്. 742 ബൂത്തുകൾ അതീവ പ്രശ്നബാധിത മേഖലയാണ്. അതീവപ്രശ്‌ന സാദ്ധ്യതയെന്ന്‌ കണക്കാക്കുന്ന എ-വിഭാഗത്തിൽ ഒാരോബൂത്തിലും നാല് കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പ്രശ്നസാദ്ധ്യത തീവ്രമല്ലാത്ത ബി-വിഭാഗം ബൂത്തുകളിൽ രണ്ട് കേന്ദ്രസേനാംഗങ്ങൾ. പ്രശ്നബാധിത മേഖലകളിലും ക്രമസമാധാന പ്രശ്നമുള്ളിടത്തും കേന്ദ്രസേന റൂട്ട്മാർച്ച് നടത്തും.

വെബ്കാസ്‌റ്റിംഗ്

22,956 പോളിംഗ് ബൂത്തുകളിൽ വെബ്കാസ്‌റ്റിംഗ് സംവിധാനമുണ്ടാവും. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം ജില്ലകളിലെ എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗുണ്ടാവും.