
സംവിധായകന്റെ കലയാണ് സിനിമ എന്നത് അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാൽ, ഒരു സിനിമ കലാപരമായും സാങ്കേതികമായും വാണിജ്യപരമായും വിജയിക്കുമ്പോൾ അതിൽ സംവിധായകനു പുറമേ മറ്റു പലർക്കും പങ്കുണ്ട് എന്നത് വിസ്മരിക്കാനാകില്ല. സിനിമയുടെ അവകാശം നിക്ഷിപ്തമാകുന്നത് പണം മുടക്കുന്ന നിർമ്മാതാവിലാണ്. നിർമ്മാതാവ് ആ അവകാശം വിതരണ കമ്പനിക്കോ മറ്റു വ്യക്തികൾക്കോ മീഡിയാ കമ്പനികൾക്കോ കരാർ പ്രകാരം നൽകിയാൽ അത് വാങ്ങിയവർക്കാവും സിനിമയുടെ അവകാശം. ഇതാണ് നിലവിലുള്ള രീതി. ഇതിനു വിരുദ്ധമായി ഒരു സംവിധായകൻ തന്റെ സിനിമയുടെ പൂർണ അവകാശം തനിക്കാണെന്നും, തന്റെ അനുമതിയില്ലാതെ ആർക്കും അത് കൈമാറാനാകില്ലെന്നും അവകാശപ്പെട്ടാൽ അതിന് നിയമപരമായ പിൻബലം ലഭിക്കില്ല. അതിനാൽത്തന്നെ അങ്ങനെ ആരും അവകാശപ്പെടാറുമില്ല. എന്നാൽ, ഇളയരാജ നിരന്തരം നിലപാട് സ്വീകരിച്ചിരുന്നത് താൻ സംഗീതം നൽകിയ പാട്ടുകൾക്കു മേലുള്ള അവകാശം തനിക്കു മാത്രമാണെന്നാണ്!
ഈ അവകാശവാദം സിനിമാരംഗത്ത് ഗായകരും സംഗീത സംവിധായകരും ഗാനരചയിതാക്കളും തമ്മിൽ വാദപ്രതിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. സംഗീതം നൽകിയ വ്യക്തിക്കല്ല, ആ ഗാനം മനോഹരമായി ആലപിച്ചവർക്കാണ് പാട്ടിന്റെ അവകാശം നൽകേണ്ടതെന്നാണ് പല പ്രമുഖ ഗായകരും അവകാശപ്പെട്ടത്. വരികളുടെ മനോഹാരിതയാണ് ഒരു പാട്ടിനെ അനുവാചകരുടെ മനസ്സിൽ പ്രതിഷ്ഠിക്കുന്നതെന്നും അതിനാൽ ഗാനരചയിതാവിനാണ് മുഖ്യ പങ്കെന്നും അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതൊരു തർക്ക വിഷയമായി കുറെക്കാലമായി തുടരുകയായിരുന്നു. ഇപ്പോൾ മദ്രാസ് ഹൈക്കോടതി ഈ വിഷയത്തിൽ വ്യക്തമായ ഒരു നിരീക്ഷണം നടത്തിയിരിക്കുന്നു. ഇളയരാജ സംഗീതം നൽകിയ പാട്ടുകൾക്കു മേലുള്ള അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. വരികളില്ലാതെ പാട്ടില്ലെന്നും അതിനാൽ ഗാനരചയിതാവ് അടക്കമുള്ളവർക്ക് അവകാശവാദം ഉന്നയിക്കാമെന്നുമാണ് ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് സാദിക്ക് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്.
ഇളയരാജ സംഗീതം നൽകിയ 4500-ഓളം പാട്ടുകളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീത കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി. ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാനിർമ്മാതാക്കളിൽ നിന്ന് എക്കോ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരെയുള്ള ഇളയരാജയുടെ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു. ഇതിനെ എതിർത്താണ് കമ്പനി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകാൻ സംഗീത സംവിധായകനെ നിർമ്മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമ്മാതാവിന് ലഭിക്കുമെന്നാണ് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചത്. ഇതിൽ കോടതി അന്തിമ തീർപ്പ് കല്പിച്ചിട്ടില്ല. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി , കേസ് ജൂൺ രണ്ടാംവാരത്തിലേക്ക് മാറ്റിവച്ചിരിക്കുകയാണ്.
ഈണത്തിനുമേൽ അവകാശമുണ്ടെങ്കിലും ഗാനത്തിന്മേലുള്ള പൂർണ അവകാശം ഇളയരാജയ്ക്കു മാത്രമല്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു. ഗാനത്തിന്റെ കാര്യത്തിൽ ഇളയരാജ എല്ലാവർക്കും മുകളിലാണെന്ന് അഭിഭാഷകൻ അഭിപ്രായപ്പെട്ടപ്പോൾ അങ്ങനെ കരുതുന്നത് ശരിയല്ലെന്നും ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും വളരെക്കാലമായി നിലനിൽക്കുന്ന തർക്കത്തിന് മദ്രാസ് ഹൈക്കോടതിയിൽ നിന്ന് നീതിയുക്തമായ ഒരു തീർപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കലാകാരന്മാർ പണംവാങ്ങി കരാർ പ്രകാരം തൊഴിൽ ചെയ്തുകഴിഞ്ഞാൽ പിന്നീട് അവകാശവാദങ്ങൾ സാധാരണഗതിയിൽ ഉന്നയിക്കാറില്ല. അഥവാ അങ്ങനെ അവകാശം വേണമെന്നുണ്ടെങ്കിൽ അക്കാര്യം കരാറിന്റെ ഭാഗമായിത്തന്നെ ചൂണ്ടിക്കാട്ടണം. സിനിമയ്ക്ക് ഒരു വ്യവസായമെന്ന നിലയിൽ മുന്നോട്ടു പോകാൻ ഇത്തരം അവകാശവാദങ്ങൾ ധാരാളം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും.