poling

വർക്കല: ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിലെ പാർലമെന്റ് തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ഇന്നലെ തന്നെ പൂർത്തിയായി. ഇന്ന് രാവിലെ 7 മണിയോടെ പോളിംഗ് ആരംഭിക്കും. മുന്നണി സ്ഥാനാർത്ഥികൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അടൂർ പ്രകാശ്, വി.ജോയി, വി. മുരളീധരൻ എന്നിവർക്ക് പുറമെ ബഹുജൻ സമാജ് പാർട്ടി സ്ഥാനാർത്ഥിയായി സുരഭി. എസ്, സ്വതന്ത്ര സ്ഥാനാർത്ഥികളായ പ്രകാശ്. എസ്, പ്രകാശ്. പി.എൽ, സന്തോഷ്.കെ എന്നിവരാണ് മത്സര രംഗത്തുള്ളത്. വ്യാഴാഴ്ച രാവിലെ ശിവഗിരി എസ്.എൻ കോളേജിലെ സ്ട്രോങ്ങ് റൂം തുറന്ന് തിരഞ്ഞെടുപ്പ് സാമഗ്രികൾ ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. ഉച്ചയോടെ പ്രത്യേക വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി അതാത് പോളിംഗ് ബൂത്തിലേക്ക് ഉദ്യോഗസ്ഥരെ എത്തിച്ചു. 197 ബൂത്തുകലാണ് വർക്കല അസംബ്ലി മണ്ഡലത്തിലുള്ളത്. ആയിരത്തോളം ഉദോഗസ്ഥരെയും അഞ്ഞൂറിലധികം പൊലീസിനേയും ഇവിടേയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം 15ഓളം പട്രോളിംഗ് ടീമുകളും 12 ലൊ ആൻഡ് ഓർഡർ സംഘവും ധ്രുതകർമ്മസേനയുടെ ആറ് സംഘങ്ങളും ഒരു സബ് ഡിവിഷൻ സ്ട്രൈക്കിംഗ് ഫോഴ്സും സുരക്ഷയ്ക്കായുണ്ട്. പ്രശ്‌നബാധിത ബൂത്തുകൾ ഇല്ലെങ്കിലും 12 ഓളം ബൂത്തുകളിൽ കൂടുതൽ കരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഒരുക്കിയിട്ടുണ്ട്.