
 
തിരുവനന്തപുരം: മൂന്നു മുന്നണിയും വാനോളം പ്രതീക്ഷ പുലർത്തെ, സംസ്ഥാനത്തെ 2.77കോടി വോട്ടർമാർ 20 പാർലമെന്റ് മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുതും. രാവിലെ 7 മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 77.67% ആയിരുന്നു പോളിംഗ്.
89 സീറ്റുകളിൽ രാജ്യത്തെ രണ്ടാംഘട്ട വോട്ടെടുപ്പാണ് ഇന്നത്തേത്. ഏഴ് ഘട്ടവും പൂർത്തിയാക്കി ജൂൺ 4നാണ് വോട്ടെണ്ണൽ.
ഇന്നലെ വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം പൂർത്തിയായി. 25177 ബൂത്തുകളും അതിനോടു ചേർന്ന് 54 ഇടങ്ങളിൽ ഉപബൂത്തുകളും ഒരുക്കിയിട്ടുണ്ട്.
കോൺഗ്രസ് ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ,കെ.സി.വേണുഗോപാൽ, കേന്ദ്ര മന്ത്രിമാരായ വി.മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, സിനിമാ താരങ്ങളായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാർ, സംസ്ഥാന മന്ത്രി കെ.രാധാകൃഷ്ണൻ, എം.എൽ.എമാരായ ഷാഫി പറമ്പിൽ, വി.ജോയി, കെ.കെ.ശൈലജ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ, ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ ഇന്ന് ജനവിധി തേടുന്നു. സി.പി.എം നേതാക്കളായ എളമരം കരീം, തോമസ് ഐസക്, എം.വി. ജയരാജൻ, സി.പി.ഐ നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, വി.എസ്. സുനിൽകുമാർ, കോൺഗ്രസ് നേതാക്കളായ കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, ആർ.എസ്.പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ, മുസ്ളിംലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ തുടങ്ങിയവരും വീറോടെ ഗോദയിലുണ്ട്.
1903 ബൂത്തുകളിൽ
കർശന നിരീക്ഷണം
സംസ്ഥാനത്തെ 1161 പ്രശ്നബാധിത ബൂത്തുകളും 742 അതീവ പ്രശ്നബാധിത ബൂത്തുകളും ഉൾപ്പെടെ 1903 ബൂത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. അമ്പതോളം നിരീക്ഷകരുണ്ട്. തിരുവനന്തപുരം,തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം,വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ ബൂത്തുകളും ഉൾപ്പെടെ സംസ്ഥാനത്തെ 22832 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് നടത്തും.
ആദ്യം മോക്ക് പോൾ
വോട്ടെടുപ്പിന് ഒന്നര മണിക്കൂർ മുമ്പ് മോക്ക് പോൾ നടത്തും. കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ബട്ടൺ അമർത്തി വോട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് ഉറപ്പാക്കും. വിവിപാറ്റിന്റെ ബാലറ്റ് കമ്പാർട്ട്മെന്റും തുറന്ന് ശൂന്യമാണെന്ന് പ്രിസൈഡിംഗ് ഓഫീസർ ബോദ്ധ്യപ്പെടുത്തും. അതിനുശേഷം കുറഞ്ഞത് 50 വോട്ടുകളുള്ള മോക്ക് പോൾ നടത്തും. കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയ ഇലക്ട്രോണിക് ഫലം വിവിപാറ്റ് സ്ലിപ്പ് കൗണ്ടുമായി താരതമ്യം ചെയ്യും. മോക്ക് പോൾ ഫലം മായ്ക്കാൻ പ്രിസൈഡിംഗ് ഓഫീസർ ക്ലിയർ ബട്ടണും തുടർന്ന് ടോട്ടൽ ബട്ടണും അമർത്തും. കൺട്രോൾ യൂണിറ്റും വിവിപാറ്റും സീൽ ചെയ്ത ശേഷമാവും വോട്ടെടുപ്പ്.
കേരളം
വോട്ടർമാർ : 277 49,159
സ്ത്രീകൾ : 143 33 499
പുരുഷൻമാർ : 134 15 293
ഭിന്നലിംഗക്കാർ : 367
ഭിന്നശേഷിക്കാർ : 264232
85കഴിഞ്ഞവർ : 246959
100കഴിഞ്ഞവർ : 2891
കന്നിവോട്ടർമാർ : 534394
പ്രവാസികൾ : 89839
സർവീസ് വോട്ടർമാർ : 57493
പോളിംഗ് ഉദ്യോഗസ്ഥർ : 1,01176
സുരക്ഷാ ഉദ്യോഗസ്ഥർ : 66303
വോട്ടിംഗ് മഷിക്കുപ്പി : 63100
ബൂത്തുകൾ : 25231
വോട്ടിംഗ് യന്ത്രം : 30238
വിവിപാറ്റ് : 32698