
ശിവഗിരി: ശ്രീനാരായണഗുരുദേവ ദർശനത്തിന് വിധേയമായി സമൂഹജീവിതം രൂപപ്പെടുത്താൻ ഗുരുദേവ പ്രസ്ഥാനങ്ങൾക്ക് കഴിയണമെന്നും ജനതയിലേക്ക് ഗുരുധർമ്മം എത്തിക്കാനുളള ബാദ്ധ്യത പ്രസ്ഥാനങ്ങൾ ഏറ്റെടുക്കണമെന്നും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ. ശിവഗിരിമഠത്തിന്റെ പോഷക സംഘടനയായ ഗുരുധർമ്മപ്രചരണസഭയുടെ വാർഷിക സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സ്വാമി. ശിവഗിരിമഠത്തിന്റെ കർമ്മ മേഖലകൾ ഗുരുഭക്തരിലേക്ക് പകരാൻ ഗുരുധർമ്മപ്രചരണസഭയ്ക്കും സഭയുടെ വനിതാ വിഭാഗം മാതൃസഭയ്ക്കും കഴിയണം. കുട്ടികളിലേക്കും വിദ്യാർത്ഥികളിലേക്കും ഗുരുദേവകൃതികളും സന്ദേശങ്ങളും ദർശനവും എത്തിക്കുന്നതിന്റെ ഭാഗമായി ദേശംതോറും സംഘടനാ സമ്മേളനങ്ങളും പഠനക്ലാസുകളും പ്രാർത്ഥനായോഗങ്ങളും സംഘടിപ്പിക്കണം. ശ്രീനാരായണധർമ്മ മീമാംസാ പരിഷത്ത് എല്ലാ വേളകളിലും നടത്താൻ കഴിയണം. ജീവകാരുണ്യ - സാമൂഹികക്ഷേമ രംഗത്തും സംഘടന ശ്രദ്ധിക്കേണ്ടതുണ്ടെന്നും സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ഗുരുധർമ്മപ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി ഗുരുവിന്റെ സംഘടനാ സങ്കല്പം എന്ന വിഷയം അവതരിപ്പിച്ചു.
ജാഗ്രതാ നിർദ്ദേശവുമായി വിദേശകാര്യ മന്ത്രാലയം
തിരുവനന്തപുരം: കംബോഡിയയിലേക്കും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും തൊഴിൽ വാഗ്ദാനം ചെയ്യുന്ന വ്യാജ ഏജന്റുമാർക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തട്ടിപ്പ് കമ്പനികളിലേക്കാണ് ഇന്ത്യയിലെ ഏജന്റുമാരോടൊപ്പം ചേർന്ന് ഉദ്യോഗാർത്ഥികളെ ഇത്തരക്കാർ റിക്രൂട്ട് ചെയ്യുന്നത്. കേന്ദ്രവിദേശകാര്യ മന്ത്രാലയം അംഗീകരിച്ച റിക്രൂട്ട്മെന്റ് ഏജൻസികൾ വഴി മാത്രമേ ഈ രാജ്യങ്ങളിൽ തൊഴിൽ തേടാവൂ. ഇതിനായി cons.phnompenh@mea.gov.in, visa.phnompenh@mea.gov.in എന്നീ ഇ-മെയിൽ വിലാസങ്ങൾ വഴി നോംപെന്നിലെ ഇന്ത്യൻ എംബസിയെ സമീപിക്കാമെന്നും നോർക്ക റൂട്സ് അറിയിച്ചു.
തപാൽ ബാലറ്റ്
നിഷേധിച്ചെന്ന്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലയുള്ള നിരവധി ജീവനക്കാർക്ക് തപാൽ ബാലറ്റ് നിഷേധിച്ചതായി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ആരോപിച്ചു. സ്വന്തം ലോക്സഭാ മണ്ഡലം വിട്ട് മറ്റ് മണ്ഡലങ്ങളിൽ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർക്കാണ് തപാൽ ബാലറ്റ് ലഭിക്കാത്തത്. പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന കേന്ദ്രത്തിൽ ഇന്നലെ ക്രമീകരണം ഏർപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും നടപ്പായില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദും ജനറൽ സെക്രട്ടറി കെ.ബിനോദും പറഞ്ഞു.