തിരുവനന്തപുരം: ആവശ്യമുള്ള പോളിംഗ് കേന്ദ്രങ്ങളിൽ ചൂട് പ്രതിരോധിക്കാൻ പന്തലുകൾ സജ്ജീകരിക്കുമെന്ന് ജില്ലാ കളക്ടർ ജെറോമിക്ക് ജോർജ് അറിയിച്ചു. തണൽ ഇല്ലാത്തതും പുറത്ത് കടുത്ത വെയിൽ ഏൽക്കുന്നതുമായ കേന്ദ്രങ്ങളിലായിരിക്കും കൂടുതലായി പന്തൽ സജ്ജീകരിക്കുക. ഇതോടൊപ്പം കുടിവെള്ളവും ലഭ്യമാക്കും. ജില്ലയിൽ ഇന്ന് 36 ഡിഗ്രി വരെ താപനില ഉയർന്നേക്കും.

ജില്ലയിലെ മുഴുവൻ പോളിംഗ് സ്റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലത്തിൽ 26 ഉം ആറ്റിങ്ങലിൽ 15 ഉം മൈക്രോ ഒബ്സർവർമാരെയും നിയോഗിച്ചു. പോളിംഗ് ഉദ്യോഗസ്ഥർക്കായി മെഡിക്കൽ കിറ്റുകൾ നൽകുന്നുണ്ട്. ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യും. രണ്ടിടങ്ങളിൽ വോട്ടുകൾ ഉള്ളവരുടെ കൃത്യമായ കണക്കെടുത്ത് വിവരങ്ങൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് നൽകിയിട്ടുണ്ടെന്നും ഒരാൾക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാൻ സാധിക്കൂവെന്നും കളക്ടർ വ്യക്തമാക്കി.