
തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ ഓപ്പൺ സർവകലാശാലാ പ്രോ വൈസ്ചാൻസലർ അനധികൃതമായി ചുമതലയിൽ തുടരുന്നതായി ഗവർണർക്ക് പരാതി. നിയമനത്തിൽ അപാകത കണ്ടെത്തിയതോടെയാണ് പി.എം മുബാറക് പാഷ വി. സി സ്ഥാനം രാജിവച്ചിരുന്നു. യുജിസി, ഓപ്പൺ യൂണി. നിയമ പ്രകാരം വി.സിക്കൊപ്പം പി.വി.സിയും സ്ഥാനമൊഴിയണം. സംസ്കൃത യൂണി. വി.സിയെ ഗവർണർ പുറത്താക്കിയതിനു പിന്നാലെ പി.വി.സിയും സ്ഥാനമൊഴിഞ്ഞിരുന്നു. ഒരുമാസമായിട്ടും ഓപ്പൺ വാഴ്സിറ്റി പി.വി.സി ഡോ.എസ്.വി സുധീർ പദവിയിൽ തുടരുകയാണ്.
വി.സിമാർക്കൊപ്പം കാലാവധി കഴിയുന്ന കോ ടെർമിനസ് വ്യവസ്ഥയിലാണ് പി.വി.സിമാരുടെ നിയമനം. 2018ലെ യു.ജി.സി ചട്ടപ്രകാരം വി.സിയുടെ കാലാവധിക്കൊപ്പം പി.വി.സിയുടെ കാലാവധിയും അവസാനിക്കും. ഓപ്പൺ യൂണി. വി.സിയുടെ ചുമതല വഹിക്കുന്ന കുസാറ്റിലെ സീനിയർ പ്രൊഫസർ ഡോ.വി.പി ജഗതിരാജ് ഇക്കാര്യം ഗവർണറെ അറിയിച്ചിട്ടില്ല. സാങ്കേതിക വാഴ്സിറ്റി വി.സി ഡോ.എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയ ശേഷവും പി.വി.സി ഡോ.അയൂബ് പദവിയിൽ തുടർന്നിരുന്നു. രാജ്ഭവന്റെ നിർദ്ദേശപ്രകാരം പിന്നീട് സ്ഥാനമൊഴിഞ്ഞു.
ഓപ്പൺ പി.വി.സിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയത്. വാഴ്സിറ്റിയിലെ ആദ്യ വി.സി, പി.വി.സി നിയമനങ്ങൾ സർക്കാരാണ് നടത്തിയത്. യു.ജി.സി ചട്ടങ്ങൾ ലംഘിച്ചാണിതെന്ന് ആക്ഷേപമുയർന്നിരുന്നു. പുറത്താക്കാൻ ഗവർണർ ഹിയറിംഗ് നടത്താനിരിക്കെയാണ് മുബാറക് പാഷ രാജിവച്ചത്.
തൃശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് ലൈംഗിക അതിക്രമം
തൃശൂർ: യു.എസിൽ നിന്നെത്തിയ വ്ളോഗർമാരായ ദമ്പതിമാർക്കു നേരെ തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം. വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് യാത്രാവിവരണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുന്ന യു.എസുകാരിയായ മെക്കൻസി, ബ്രിട്ടീഷുകാരനായ കീനൻ എന്നിവർക്കു നേരെയാണ് അതിക്രമമുണ്ടായത്. മെക്കൻസിയും കീനനും വീഡിയോ ദൃശ്യങ്ങൾ സഹിതമാണ് ദുരനുഭവം പോസ്റ്റ് ചെയ്തത്.
കുടമാറ്റം കഴിഞ്ഞശേഷം വടക്കുന്നാഥ ശ്രീമൂലസ്ഥാനത്ത് രാത്രിയോടെയാണ് സംഭവം. ഒരാളോട് പൂരക്കാഴ്ചകൾ ചോദിച്ചറിയുകയും വീഡിയോയിൽ പകർത്തുകയും ചെയ്യുമ്പോൾ മെക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം.
കീനനും തനിക്കു നേരിട്ട ദുരനുഭവം വീഡിയോയിൽ പങ്കുവച്ചു. 50 വയസ് തോന്നിക്കുന്ന ഒരാൾ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനന്റെ പരാതി. സംഭാഷണത്തിന്റെ ഇംഗ്ലീഷ് സബ് ടൈറ്റിലൂടെയാണ് വീഡിയോ ഇട്ടിരിക്കുന്നത്. അതിക്രമത്തിന് മുതിർന്നത് പാലക്കാട് സ്വദേശിയാണെന്നാണ് വിവരം. വീഡിയോ ദൃശ്യം പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. വ്ളോഗർമാരുടെ പരാതി ലഭിച്ചിട്ടില്ല.