photo

നെടുമങ്ങാട്: പ്രചാരണത്തിന്റെ അവസാന ദിവസം കൂട്ടിയും കിഴിച്ചും ഫോൺ വിളിച്ചും തിരക്കോട് തിരക്ക്. ഇടയ്ക്ക് ബൂത്തുതല പ്രവർത്തകരെ നേരിൽക്കണ്ട് ക്ഷേമാന്വേഷണം. പൗര പ്രമുഖരെയും സമുദായ നേതാക്കളെയും വീടുകളിൽ സന്ദർശിച്ച് അവസാന ഘട്ട വോട്ടുറപ്പിക്കൽ. കാണാൻ സാധിക്കാതെ പോയ വോട്ടർമാരെ നടന്നെത്തി നേരിട്ടുകണ്ട് വോട്ടഭ്യർത്ഥന. നിശബ്ദ പ്രചാരണത്തിലും സ്ഥാനാർത്ഥികൾ നിറഞ്ഞുനിന്നു.

ഇരട്ടവോട്ട് ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇൻ ഏജന്റുമാരെ വോട്ടർ പട്ടിക നന്നായി പഠിപ്പിച്ചു. വോട്ടർമാരെക്കുറിച്ച് വിശദമായി പരിശോധിച്ചു. അടിയൊഴുക്കുകൾ എവിടെയുണ്ടായാലും തടയാൻ കരുതലുണ്ടാവണമെന്ന് മാർഗ നിർദ്ദേശം നൽകി. നിരീക്ഷണത്തിന് പ്രത്യേക ടീമുകൾ. വിരലിൽ ഇന്ന് മഷി പുരളുമെങ്കിലും മാസങ്ങളായി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രചാരണത്തിൽ മുഴുകിയിരുന്ന സ്ഥാനാർത്ഥികൾക്കും പ്രവർത്തകർക്കും വിശ്രമിക്കാനാവില്ല. ഫലപ്രഖ്യാപന ദിവസം വരെ കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കണം.

ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലം സിറ്റിംഗ് എം.പിയും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അടൂർ പ്രകാശ് ഇന്നലെയും പ്രചാരണത്തിൽ സജീവമായിരുന്നു. പ്രവർത്തകരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോട് കുശലം പറഞ്ഞും വിവാഹ ചടങ്ങുകളിൽ പങ്കെടുത്തും രാവിലെ മുതൽ തിരക്കിലായി. ഏഴ് നിയമസഭ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളും വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തി. നെടുമങ്ങാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ ചേർന്ന അവലോകന യോഗത്തിൽ ചെയർമാൻ കല്ലയം സുകു, ജനറൽ കൺവീനർ ടി.അർജുനൻ, അഡ്വ. എൻ.ബാജി, വട്ടപ്പാറ ചന്ദ്രൻ, അഡ്വ. എസ്.അരുൺകുമാർ, മന്നൂർക്കോണം സത്യൻ തുടങ്ങിയവർ പങ്കെടുത്തു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.ജോയി നെടുമങ്ങാട്, കാട്ടാക്കട, അരുവിക്കര, വാമനപുരം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സന്ദർശിച്ച് അവലോകന യോഗങ്ങളിൽ പങ്കെടുത്തു. വൈകിട്ട് വിവിധ സ്ഥലങ്ങളിലെത്തി വോട്ടർമാരെ കണ്ടു.

കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർത്ഥിയുമായ വി.മുരളീധരൻ പാർട്ടി നേതൃ യോഗങ്ങളിൽ പങ്കെടുത്തും വോട്ടർമാരെ കണ്ടും പ്രചാരണത്തിന്റെ അവസാന ദിവസം ആഘോഷമാക്കി.