
നെടുമങ്ങാട് : ആദിവാസി,തോട്ടം മേഖലകൾ ഉൾപ്പെടുന്ന നെടുമങ്ങാട്,അരുവിക്കര,വാമനപുരം മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾ വോട്ടെടുപ്പിന് സജ്ജമായി. 632 പോളിംഗ് ഓഫീസർമാരടക്കം മൂവായിരത്തോളം ഉദ്യോഗസ്ഥർ മൂന്ന് മണ്ഡലങ്ങളിലായി ചുമതല വഹിക്കുന്നുണ്ട്.വാമനപുരത്ത് 212 ഉം നെടുമങ്ങാട്ടും അരുവിക്കരയിലും 210 വീതവും ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ഓരോ ബൂത്തിലും രണ്ടു വനിത ഓഫീസർ വീതമുണ്ട്. അരുവിക്കര മണ്ഡലത്തിൽ തൊളിക്കോട് ഗവ.യു.പി.എസിലെ 24 -ആം നമ്പർ പോളിംഗ് സ്റ്റേഷൻ പ്രശ്ന ബാധിത ബൂത്തായി പ്രഖ്യാപിച്ചിട്ടുണ്ട്. അരുവിക്കര ബോണക്കാട് യു.പി.എസിലും വാമനപുരം മണ്ഡലത്തിലെ പൊന്മുടി ഗവ.എൽ.പി.എസിലും പ്രവർത്തിക്കുന്ന രണ്ടു ബൂത്തുകളാണ് ദുർഘട മേഖലയിലെ പോളിംഗ് സ്റ്റേഷനുകൾ.ഇവയടക്കം ഒട്ടേറെ ബൂത്തുകളിൽ വൈദ്യുതി തടസം നേരിടുന്നത് ഉദ്യോഗസ്ഥരെ വലച്ചു.ബൂത്തുകളുടെ ക്രമീകരണത്തിന് അടുത്തുള്ള വീടുകളിൽ നിന്ന് എമർജൻസി ലൈറ്റുകളെയാണ് ആശ്രയിച്ചത്. മെഴുകുതിരി വെട്ടത്തിൽ ബൂത്ത് സജ്ജമാക്കിയവരുമുണ്ട്. പെരിങ്ങമ്മല,കുറ്റിച്ചൽ, പാങ്ങോട്,വിതുര പഞ്ചായത്തുകളിലാണ് വൈദ്യുതി മുടക്കംപോളിംഗ് ഉദ്യോഗസ്ഥരെ വലച്ചത്. രാത്രിയിൽ ഇവർക്ക് താമസിക്കാനും പോളിംഗ് സാമഗ്രികൾ സൂക്ഷിക്കാനും പ്രദേശത്തെ വിവിധ പാർട്ടി പ്രവർത്തകരുടെ സഹായം ലഭിച്ചു. അരുവിക്കര മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മഞ്ച ഗവൺമെന്റ് ടെക്നിക്കൽ സ്‌കൂളിലും വാമനപുരം മണ്ഡലത്തിലെ സാമഗ്രികൾ ആനാട് എസ്.എൻ.വി എച്ച്.എസ്.എസിലും നെടുമങ്ങാട് മണ്ഡലത്തിലേത് ടൗൺ ഗേൾസ് സ്‌കൂളിലും നടന്നു.സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാരിന്റെ മൈക്രോ ഒബ്സർവർമാരടക്കം കേന്ദ്രസേനയെയും തമിഴ്‌നാട് പൊലീസിനെയും സംസ്ഥാനത്തെ വിവിധ സേനകളെയും വിവിധ ബൂത്തുകളിൽ നിയമിച്ചിട്ടുള്ളതായി ഇലക്ട്രൽ ഓഫീസർമാർ അറിയിച്ചു.