1

പൂവാർ: അനധികൃത നിർമ്മാണങ്ങൾ നടത്തി പൂവാറിലെ തണ്ണീർത്തടങ്ങൾ കൈയേറുന്നതായി പരാതി. പൂവാർ ജംഗ്ഷനിൽ നിന്നും ചെറിയപാലം മുതൽ വലിയപാലം വരെയുള്ള തണ്ണീർത്തടങ്ങളാണ് കോൺക്രീറ്റ് സ്ലാബുകൾ നിരത്തി കൈയേറിയിരിക്കുന്നത്. ചെറിയ പാലത്തിന് അടിയിലൂടെ ഒഴുകുന്ന ചകിരിയാറിലെ വെള്ളവും താമരക്കുളത്തിൽ നിന്നു ആരംഭിക്കുന്ന കൈപ്പൂരി ഏലായിലെ വെള്ളവും നെയ്യാറിൽ ഒഴുകിപ്പോകുന്ന ചതുപ്പ് പ്രദേശവും കൈയേറ്റത്താൽ അടഞ്ഞ് പോയതായി നാട്ടുകാർ പറയുന്നു. സിനിമ തിയേറ്റർ കം പാർക്കിന്റെയും റസ്റ്റോറന്റിന്റേയും നിർമ്മാണ പ്രവർത്തനങ്ങളാണ് ചതുപ്പുനിലം നികത്തി നടന്നുകൊണ്ടിരിക്കുന്നത്. കൂടാതെ അരുമാനൂർ പൂവാർ റോഡിലെ കൈയേറ്റങ്ങളും തണ്ണീർത്തടങ്ങളെ ഇല്ലാതാക്കുന്നു. പൂവാർ പഞ്ചായത്തിന്റെ കൺമുന്നിൽ അനധികൃത നിർമ്മാണം പൊടിപൊടിക്കുമ്പോഴും അധികൃതർ ഒന്നും കണ്ടില്ലെന്നു നടിക്കുന്നു. തണ്ണീർത്തടങ്ങൾ മണ്ണിട്ട് നികത്തിയും കരിങ്കൽഭിത്തി നിർമ്മിച്ചും മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനെതിരെ പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും എതിർപ്പിനെ അവഗണിച്ചാണ് അധികൃതരുടെ മൗനാനുവാദം.

കൈയേറ്റങ്ങളെ ചെറുത്തുനിറുത്തണം

ചകിരിയാറിന്റെ ബണ്ട് മുതൽ താമരക്കുളവും കടന്ന് പനച്ചമൂട്ടുകുളം വരെ നീളുന്നതാണ് കൈപ്പുരി ഏല. ഏലായുടെ നീർച്ചാലും നടവരമ്പും കൈയേറ്റം കാരണം നാൾക്കുനാൾ അപ്രത്യക്ഷമാവുകയാണ്. കൈപ്പുരിയിലെ പാടശേഖരവും പൂവാറിലെ ചതുപ്പ് പ്രദേശങ്ങളും ഗ്രീൻ ബെൽറ്റിൽ ഉൾപ്പെട്ട പ്രദേശമാണ്. തണ്ണീർത്തട സംരക്ഷണത്തിനായി പഞ്ചായത്തുതല ജനകീയസമിതികൾ നിലവിലുണ്ട്. സെക്രട്ടറിയും പ്രസിഡന്റും കൃഷി ഓഫീസറും ജനകീയ കമ്മിറ്റിയിൽ അംഗങ്ങളാണ്. കൈയേറ്റങ്ങളെ ചെറുത്ത് തണ്ണീർത്തടങ്ങളും ചതുപ്പുകളും നീർച്ചാലുകളും സംരക്ഷിക്കുകയാണ് സമിതിയുടെ ഉത്തരവാദിത്വം. ഇതിനായുള്ള നിയമങ്ങളും നിലവിലുണ്ട്. ആയതിനാൽ കൈയേറ്റം വ്യാപകമാകുന്നത് തടഞ്ഞ് തണ്ണീർത്തടങ്ങളും ചതുപ്പുകളും സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ അഭ്യർത്ഥന.

 കൃഷി ഉപേക്ഷിച്ച് കർഷകർ

കൃഷിയോഗ്യമല്ല എന്ന കാരണത്താൽ തരിശ് ഭൂമി ചുളുവിലയ്ക്ക് തട്ടിയെടുക്കാൻ പ്രദേശത്ത് റിയൽ എസ്റ്റേറ്റ് ലോബികൾ സജീവമായതാണ് കൈയേറ്റം വ്യാപകമാകാൻ ഇടയാക്കിയത്. ഇത്തരക്കാർ വാങ്ങിക്കൂട്ടിയ ഭൂമികളിൽ ആദ്യം മറ്റ് കൃഷി ആരംഭിക്കും. പിന്നീട് ഭൂമിക്ക് ചുറ്റും വേലി നിർമ്മിച്ച് മറ്റു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തും. ഭൂമി മതിൽകെട്ടി മറ്റ് നിർമ്മാണങ്ങൾ ആരംഭിക്കുന്നതോടെ പ്രദേശത്തെ നീരൊഴുക്കും നിലക്കും. ഇതോടെ സമീപത്ത് കൃഷി ചെയ്തിരുന്ന അവസാനത്തെ കർഷകരും കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാകും. നെൽവയലുകളായിരുന്ന സ്ഥലങ്ങളിലെല്ലാം ഇന്ന് വീടുകളും മറ്റ് സ്ഥാപനങ്ങളുമാണ്. കൈത്തോടുകളും നടവരമ്പുകളും നശിച്ചതോടെ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട നിലയായി. ചതുപ്പുകൾ മൂടിയതോടെ മഴവെള്ളം ഒലിച്ചുപോകാൻ കഴിയാതെ കൃഷി പ്രതിസന്ധിയിലായി. സമീപത്ത് കൂടെ കൃഷി ചെയ്തവർ ചാഴിയുടെയും കീടങ്ങളുടെയും ആക്രമണത്തിൽ നഷ്ടത്തിന് നടുവിലായി. കൃഷിക്കാവശ്യമായ സമയങ്ങളിൽ പഞ്ചായത്തിൽ നിന്നുള്ള സഹായങ്ങൾ കൃഷി ഓഫീസ് മുഖേന ലഭിക്കാതായതോടെ കർഷകർ കൃഷി പാടേ ഉപേക്ഷിച്ചു. വെള്ളക്കെട്ട് പ്രദേശമായതിനാൽ മറ്റ് കൃഷികളും നടത്താൻ കഴിയാതെയായി. ഈ ചതുപ്പുകളാണ് റിയൽ എസ്റ്റേറ്റ് ലോബികൾ വാങ്ങിക്കൂട്ടി പ്ലോട്ടുകളാക്കുന്നത്.