തിരുവനന്തപുരം: നോക്കൂ... ഇവിടെ രണ്ടല്ല,​ മൂന്നാണ് ക്യൂ സ്ത്രീ,പുരുഷൻ,​ ട്രാൻസ്‌ജെൻഡർ! കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ സൗഹൃദബൂത്തിന് മുന്നിൽ ചിരിയുമായി അസ്‌മ.

ഡെമോക്രാറ്റിക് ട്രാൻസ്‌ജെൻഡേഴ്സ് ഫെഡറേഷൻ ഒഫ് കേരള സംസ്ഥാന വൈസ് പ്രസിഡന്റായ അസ്മ പറയുന്നു - ഞാൻ നാലാം തവണയാണ് വോട്ട് ചെയ്യുന്നത്. എന്നാൽ സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ അഭിമാനം കൂടിയത് ഇപ്പോഴാണ്. ആരും ഞങ്ങളെ തുറിച്ചുനോക്കുന്നില്ല. കളക്ടർ മുൻകൈയെടുത്തതു കൊണ്ടാണ് ട്രാൻസ് സൗഹൃദ ബൂത്ത് സാദ്ധ്യമായത്.

കുടുംബത്തെയും സമൂഹത്തേയും പേടിച്ച് ട്രാൻസ്ജെൻഡർ വ്യക്തിത്വം വെളിപ്പെടുത്താതെ വോട്ട്‌ ചെയ്യുന്നവർ ഇപ്പോഴും സംസ്ഥാനത്തുണ്ടെന്ന് അസ്മ പറയുന്നു.

ഫോർട്ട് മിഷൻ സ്കൂളിൽ മഴവിൽ വർണമുള്ള പ്രൈഡ് പോളിംഗ് ബൂത്ത് ഒരുക്കിയത് സ്വീപ്പ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷൻ )ടീമാണ്​. 2019 ലെ വോട്ടർ പട്ടികയിലുണ്ടായിരുന്ന ട്രാൻസ്ജെൻഡറുകളിൽ 32 ശതമാനം മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. ട്രാൻസ്ജെൻഡറുകളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ച് ബൂത്തുകളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വീപ്പ് ഇത്തരത്തിൽ സജ്ജീകരണം ഒരുക്കിയത്.തലസ്ഥാനജില്ലയിൽ 94 ട്രാൻസ്ജെൻഡറുകളാണ് വോട്ടർ പട്ടികയിലുള്ളത്. 13 പേർ ഇന്നലെ ഫോർട്ട് മിഷൻ സ്കൂളിലെ 69 -ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ബാക്കിയുള്ളവർ ജില്ലയിലെ മറ്റ് സ്ഥലങ്ങളിൽ വോട്ട് ചെയ്തു.

സംസ്ഥാനത്ത് 367 ട്രാൻസ്‌ജെഡറുകളാണ് വോട്ടർ പട്ടികയിലുള്ളത്.ഏറ്റവും കൂടുതൽ ട്രാൻസ്ജെൻഡർ വോട്ടുള്ളത് തിരുവനന്തപുരം ജില്ലയിലാണ്.സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തിയിട്ടുള്ളതിനാൽ ട്രാൻസ്ജെൻഡറുകളുടെ വോട്ടിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷയെന്ന് ഡെമോക്രാറ്റിക് ട്രാൻസ്‌ജെൻഡേഴ്സ് ഫെഡറേഷൻ ഒഫ് കേരള ജില്ലാ സെക്രട്ടറി ശ്രീമയി പറഞ്ഞു.