pullanicode

വർക്കല: ആറ്റിങ്ങൽ ലോക്‌സഭ മണ്ഡലത്തിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പ് വർക്കലയിൽ സമാധാനപരം. ചെറുന്നിയൂർ താന്നിമൂട് എൽ.പി.എസിൽ യന്ത്റതകരാറുമൂലം 5 മിനിട്ട് വൈകിയാണ് വോട്ടിംഗ് ആരംഭിച്ചത്. 197 ബൂത്തുകളാണ് വർക്കല അസംബ്ലി മണ്ഡലത്തിലുള്ളത്.ആദ്യ മണിക്കൂറുകളിൽ ഗ്രാമീണ മേഖലകളിലും തീരദേശ മേഖലകളിലും മികച്ച പോളിംഗ് രേഖപ്പെടുത്തി. പലയിടങ്ങളിലും വോട്ടർമാരുടെ നീണ്ട നിരതന്നെ കാണാൻ കഴിയുമായിരുന്നു.

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,സ്വാമി ഋതംഭരാനന്ദ, സ്വാമി പരാനന്ദ,സ്വാമി അസംഗാനന്ദഗിരി,സ്വാമി ശങ്കരാനന്ദ,സ്വാമി കൃഷ്ണാനന്ദ,സ്വാമി വിദ്യാനന്ദ,സ്വാമി വിശാലാനന്ദ,സ്വാമി ഹംസതീർത്ഥ,സ്വാമി സത്യാനന്ദസരസ്വതി തുടങ്ങി ഇരുപതോളം സന്യാസിമാർ രാവിലെ തന്നെ ശിവഗിരി സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തി. ശിവഗിരി മഠത്തിന്റെ വിവിധ ശാഖകളിലുള്ള സ്വാമിമാർ അതാത് സ്ഥലങ്ങളിലാണ് വോട്ട് ചെയ്തത്. മുൻ ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അരുവിപ്പുറം മാരായമുട്ടം ഗവ.സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്.രാവിലെ 10ഓടെ പലയിടങ്ങളിലും തിരക്ക് കുറഞ്ഞു. വർക്കല നഗരസഭ പരിധിയിൽ താരതമ്യേന വലിയ തിരക്ക് അനുഭവപ്പെട്ടില്ല. വേനൽച്ചൂട് ചൂട് ശക്തമാണെങ്കിലും പലയിടങ്ങളിലും ഉച്ചക്ക് ശേഷം ബൂത്തുകളിലേക്ക് കൂടുതൽ വോട്ടർമാരെത്തി. 88011 പുരുഷ വോട്ടർമാരും 100669 സ്ത്രീ വോട്ടർമാരും 4 ട്രാൻസ് ജെൻഡർസ് വോട്ടർമാരും ഉൾപ്പെടെ 188684 വോട്ടർമാരാണ് വർക്കല അസംബ്ലി മണ്ഡലത്തിലുള്ളത്. കനത്ത സുരക്ഷാ സംവിധാനങ്ങളാണ് വർക്കലയിൽ ഒരുക്കിയിരുന്നത്. പോളിംഗ് സ്റ്റേഷനിൽ നിന്നും 200 മീറ്റർ അകലെയാണ് രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഓഫീസുകൾ പ്രവർത്തിച്ചത്.വർക്കല മണ്ഡലത്തിലെ യൂത്ത് ബൂത്തായ പാളയംകുന്ന് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ 119-ാമത് ബൂത്തിൽ എക്സൈസിന്റെ സഹകരണത്തോടെ ലഹരിവിരുദ്ധ ബോധവത്കരണ സന്ദേശപോസ്റ്ററുകളും ഒരുക്കിയിരുന്നു. വൈകിട്ട് 3 മണിയോടെ 52.41 ശതമാനം പോളിംഗ് വർക്കല മണ്ഡലത്തിൽ രേഖപ്പെടുത്തി.