neendanira

കല്ലമ്പലം: വേനൽച്ചൂടിന്റെ കാഠിന്യത്തിലും പോളിംഗ് ബൂത്തുകളിൽ രാവിലെ തന്നെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ചെറുപ്പക്കാർ ഉൾപ്പെടെയുളള വോട്ടർമാർ രാവിലെ തന്നെ വോട്ട് ചെയ്‌തു മടങ്ങുന്ന കാഴ്ച്‌യായിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് കല്ലമ്പലം മേഖലയിലെ എല്ലാ ബൂത്തുകളിലും നന്നേ തിരക്ക് അനുഭവപ്പെട്ടു. ഉച്ചയായപ്പോഴേക്കും മിക്ക ബൂത്തുകളിലും 35 ശതമാനം പോളിംഗ് കഴിഞ്ഞു. ഒറ്റൂർ പഞ്ചായത്തിലെ ഞെക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തുകളിൽ രാവിലെ 6.30 മുതൽ ക്യൂ അനുഭവപ്പെട്ടു. നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ വില്ലേജ് ഓഫീസിലെ ബൂത്തിലും രാവിലെ 6.50 മുതൽ വോട്ട് ചെയ്യാൻ ആളുകൾ എത്തി. പള്ളിക്കൽ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ബൂത്തിലും 7 മണിക്കു മുൻപു തന്നെ തിരക്ക് അനുഭവപ്പെട്ടു. റോസ് ഡേൽ സ്‌കൂളിലെ 69,70 ബൂത്തുകളിൽ വോട്ടിംഗ് യന്ത്രം രാവിലെ മുതൽ സാവധാനത്തിലാണ് പ്രവർത്തിച്ചത്. ഇതുമൂലം വോട്ടെടുപ്പ് ഇഴഞ്ഞിഴഞ്ഞാണ് നീങ്ങിയത്. ഉച്ചയോടെ ഇത് സാധാരണ നിലയിലായി.വൈകുന്നേരം വരെ ഒരുപോലെ തിരക്ക് അനുഭവപ്പെട്ട ബൂത്തുകളുമുണ്ട്. ചില ബൂത്തുകളിൽ ഉദ്യോഗസ്ഥരുടെ പരിചയക്കുറവുമൂലം വോട്ടിംഗ് വൈകുന്നതായി രാവിലെ ആക്ഷേപമുയർന്നെങ്കിലും പിന്നീടത് പരിഹരിച്ചു. അസുഖക്കാരെയും പ്രായമായവരെയും ക്യൂവിൽ നിൽക്കാതെ കടത്തിവിട്ടു. നാവായിക്കുളം പഞ്ചായത്തിലെ ഡീസന്റ്മുക്ക് കെ.സി.എം.എൽ.പി സ്കൂളിലെ ബൂത്തുകളിൽ വൈകിട്ട് 5 മണി കഴിഞ്ഞും നല്ല തിരക്കുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം ഹരിതചട്ടങ്ങൾ ക്രമീകരിക്കാൻ ശ്രീനാരായണപുരം ഗവ.യു.പി.എസിലും കവലയൂർ ഗവ.ഹയർസെക്കൻഡറി സ്കൂളിലും ഒറ്റൂർ, മണമ്പൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ഹരിത കർമസേനയുടെ പ്രവർത്തനം മാതൃകയായി. ഇവിടെ പച്ച ഓല കൊണ്ട് നിർമിച്ച ഹരിത കർമ സേനയുടെ ഒരു കൗണ്ടർ പ്രവർത്തിച്ചിരുന്നു. പ്ലാസ്‌റ്റിക് മാലിന്യങ്ങൾ ശേഖരിക്കാനും ഒപ്പം ദാഹിച്ചു വലയുന്ന വോട്ടർമാർക്ക് ശുദ്ധജലം വിതരണം ചെയ്യാനും ഹരിതകർമസേന അംഗങ്ങളുടെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയിരുന്നു. പൊതുവേ വോട്ടെടുപ്പ് സമാധാനപരമായിരുന്നു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.