
വെഞ്ഞാറമൂട് / കിളിമാനൂർ: വെഞ്ഞാറമൂട് മേഖലയിലെ പാങ്ങോട്,കല്ലറ,വാമനപുരം,നെല്ലനാട്,മാണിക്കൽ,പുല്ലമ്പാറ പഞ്ചായത്തുകളിലെ വോട്ടെടുപ്പ് സമാധാനപരം.അനിഷ്ട സംഭവങ്ങളില്ല.അതിരാവിലെ തന്നെ പോളിംഗ് ബൂത്തുകളിൽ ക്യൂ ആരംഭിച്ചു.11ഓടെ തിരക്ക് കുറയുകയും ഉച്ചയ്ക്കുശേഷം 3ഓടെ വീണ്ടും ക്യൂ പ്രത്യക്ഷപ്പെടുകയും ചെയ്തു.
പോളിംഗ് ബൂത്തുകളിൽ ഇ.വി.എം യന്ത്രങ്ങൾ തകരാറിലായത് വോട്ടർമാരെയും ഉദ്യോഗസ്ഥരെയും വലച്ചു. പാങ്ങോട് പഞ്ചായത്തിലെ കാക്കാണിക്കര 81–ാം നമ്പർ ബൂത്തിൽ 11ഓടെ വോട്ടിംഗ് യന്ത്രം തകരാറിലായി.പുതിയ യന്ത്രം ഘടിപ്പിച്ച് ഒരു മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്.കല്ലറ പഞ്ചായത്തിലെ 46–ാം നമ്പർ ബൂത്തിൽ രാവിലെ 5ന് നടന്ന പരിശോധനയിൽ തന്നെ യന്ത്രത്തകരാർ കണ്ടെത്തി. ഒരു മണിക്കൂർ വൈകിയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.വാമനപുരം പഞ്ചായത്തിൽ 24-ാം നമ്പർ ബൂത്തിൽ ഉച്ചകഴിഞ്ഞ് മൂന്ന് പ്രാവശ്യം വോട്ടിംഗ് യന്ത്രം തകരാറിലായി.പരപ്പാറമുകളിലെ ബൂത്തിലായിരുന്നു സംഭവം.പുതിയ വോട്ടിംഗ് യന്ത്രം സ്ഥാപിക്കാൻ രണ്ട് മണിക്കൂറോളം വൈകി.കനത്ത ചൂടിൽ വോട്ടുചെയ്യാൻ കാത്തുനിന്ന വോട്ടർമാർ യന്ത്രം പണിമുടക്കുന്നത് തുടർച്ചയായപ്പോൾ മടങ്ങിപോയെന്ന് വിവിധ പൊതു പ്രവർത്തകർ ആരോപിക്കുന്നു.
കിളിമാനൂർ മേഖലകളിലും വോട്ടെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു.ആർ.ആർ.വി ഗേൾസ് സ്കൂളിലെ 87,88 നമ്പർ ബൂത്തുകളിൽ യന്ത്രത്തകരാർ മൂലം വോട്ടിംഗ് ആരംഭിക്കാൻ അല്പസമയം വൈകിയെങ്കിലും മറ്റിടങ്ങളിൽ എല്ലാം യഥാസമയം വോട്ടിംഗ് ആരംഭിച്ചു.
കല്ലറ പാകിസ്ഥാൻമുക്കിൽ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ബൂത്ത് ഓഫീസ് വ്യാഴാഴ്ച രാത്രി അജ്ഞാതർ തകർത്തു.പാങ്ങോട് പൊലീസ് കേസെടുത്തു.