
നെയ്യാറ്റിൻകര: വോട്ടിംഗ് മെഷീനുകളിലെ തകരാറുണ്ടാക്കിയ പ്രതിസന്ധികൾ കാരണം നെയ്യാറ്റിൻകര മേഖലയിൽ പലയിടത്തും വോട്ടിംഗ് തടസപ്പെട്ടു. രാവിലെ ഏഴു മുതൽ നെയ്യാറ്റിൻകര ടൗണിലെ 60, 61 ബൂത്തുകളിൽ വോട്ട് ചെയ്യാനെത്തിയവരുടെ ക്യൂ ടൗൺ എൽ.പി സ്‌കൂളിന് പുറത്തേക്ക് നീണ്ടു. ബൂത്തുകൾ വോട്ടിംഗിന് സജ്ജമാകാത്തതിനെ തുടർന്നായിരുന്നു താമസം. പ്രതിഷേധത്തെ തുടർന്ന് ഗേറ്റ് തുറന്ന് വോട്ടർമാരെ അകത്തേക്ക് കടത്തിവിടുകയായിരുന്നു.
നെയ്യാറ്റിൻകര ആറാലുംമൂട് 75,76 ബൂത്തിൽ വോട്ടിംഗ് മെഷീൻ പണിമുടക്കിയതിനെ തുടർന്ന് പോളിംഗ് നിറുത്തിവച്ചു. ഒടുവിൽ പുതിയ മെഷീനെത്തിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇവിടെ മുക്കാൽ മണിക്കൂറോളം പോളിംഗ് മുടങ്ങി. പൊഴിയൂർ,കുളത്തൂർ,കാരോട്, ചെങ്കൽ,തിരുപുറം,അതിയന്നൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ബൂത്തുകളിൽ രാവിലെ മുതൽ വലിയ തിരക്കുണ്ടായിരുന്നു. അതിയന്നൂരിലെ രണ്ട് ബൂത്തുകളിലെ ഇലക്ട്രോണിക് മെഷീനുകൾ പണിമുടക്കി. ഇവിടെ അരമണിക്കൂറികം പ്രശ്‌നങ്ങൾ പരിഹരിച്ച് വോട്ടിംഗ് ആരംഭിച്ചു.
പെരുമ്പഴുതൂർ കൃഷിഭവനിലെ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർക്ക് കൈയിൽ മഷി പുരട്ടിയില്ലെന്ന പരാതിയുണ്ടായി. ഇത് കള്ളവോട്ട് നടത്താൻ വേണ്ടിയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പെരുമ്പഴൂർ ഹൈസ്‌കൂൾ,ജെ.ബി.എസ് സ്‌കൂൾ,അതിയന്നൂർ എൽ.പി.എസ് എന്നീ ബൂത്തുകളിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. വോട്ടിടാനെത്താത്തവരെ കൊണ്ടുവരുന്നതിനായി എൽ.ഡി.എഫ്,യു.ഡി.എഫ് എൻ.ഡി.എ പ്രവർത്തകർ വാഹനസൗകര്യം ഏർപ്പെടുത്തിയിരുന്നു.
വോട്ട് മാറ്റിയിട്ടെന്ന്, വൃദ്ധനെ
തിരികെ കൊണ്ടുപോയില്ല
പെരുമ്പഴുതൂരിൽ സി.പി.എം പ്രവർത്തകർ വീട്ടിൽ നിന്ന് ഓട്ടോയിലെത്തിച്ച വൃദ്ധൻ ബി.ജെ.പിക്ക് വോട്ട് ചെയ്‌തെന്ന് പറഞ്ഞതോടെ തിരികെ കൊണ്ടുപോകാത്ത സംഭവവുമുണ്ടായി. ഇയാളെ ബി.ജെ.പി പ്രവർത്തകരാണ് പിന്നീട് വീട്ടിലെത്തിച്ചത്.