തിരുവനന്തപുരം: പരസഹായമില്ലാതെ നടക്കാനാവാത്ത അവസ്ഥയിലാണെങ്കിലും തന്റെ സ്ഥാനാർത്ഥിക്ക് ഒരു വോട്ടും പാഴാവരുതെന്ന നിർബന്ധബുദ്ധിയാണ് അഭിനെ ബൂത്തിലെത്തിച്ചത്. തിരുവനന്തപുരം ലോക് സഭാമണ്ഡലത്തിലുൾപ്പെട്ട നെയ്യാറ്റിൻകര അസംബ്ളി മണ്ഡലത്തിലെ പെരുമ്പഴുതൂർ ഗവൺമെന്റ് ഹൈസ്കൂളിലെ 28 -ാം നമ്പർ ബൂത്തിൽ അഭിൻ എത്തിയത് ആംബുലൻസിൽ.
ഡി.വൈ.എഫ്.ഐ തൊഴുക്കൽ യൂണിറ്റ് പ്രസിഡന്റാണ് ആലംപൊറ്റ താഴത്തെകോട്ടൂർ മേലേപുത്തൻവീട്ടിൽ അഭിൻ.ഒന്നരമാസം മുമ്പ് ബൈക്കും കാറും കൂട്ടിയിടിച്ച് അഭിന് സാരമായി പരിക്കേറ്റു. പൊട്ടലുള്ള വലതുകാൽ പ്ളാസ്റ്ററിട്ട് വീട്ടിൽ വിശ്രമത്തിലായിരുന്നു യുവസഖാവ്. വോട്ടെടുപ്പിനോട് അടുത്ത ദിവസങ്ങളിൽ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാവാനും കഴിഞ്ഞില്ല. എന്നാൽ എങ്ങനെയും വോട്ടുചെയ്യണമെന്ന് നിർബന്ധമുണ്ടായിരുന്നു. സഹായത്തിന് പാർട്ടിപ്രവർത്തകരെത്തി. ഡി.വൈ.എഫ്.ഐ നെയ്യാറ്റിൻകര ടൗൺ മേഖലാ കമ്മിറ്റിയുടെ ആംബുലൻസിലാണ് ഉച്ചയോടെ ബൂത്തിലെത്തിയത്. വോട്ടു ചെയ്ത് അപ്പോൾ തന്നെ മടങ്ങി.