തിരുവനന്തപുരം : മത്സരരംഗത്തുള്ള പ്രധാന മുന്നണി സ്ഥാനാർത്ഥികളിൽ ആറു പേരാണ് ഇന്നലെ നഗരത്തിലെ വിവിധ പോളിംഗ് ബൂത്തുകളിൽ വോട്ടു ചെയ്തത്. എന്നാൽ ഇതിൽ മത്സരിക്കുന്ന മണ്ഡലത്തിൽ വോട്ടു ചെയ്തത് ഒരാൾക്ക് മാത്രം. ശശി തരൂരിന് മാത്രമായിരുന്നു സ്വന്തം പേരുള്ള ബാലറ്റിൽ വോട്ടുചെയ്യാൻ കഴിഞ്ഞത്. മറ്റുള്ളവരെല്ലാം വിവിധ മണ്ഡലങ്ങളിൽ വാശിയേറിയ പോരാട്ടത്തിനിടെ തങ്ങളുടെ അവകാശം വിനിയോഗിക്കാനെത്തിയവരും. വി.മുരളീധരൻ, തോമസ് ഐസക്ക്, കെ.മുരളീധരൻ, ജി.കൃഷ്ണകുമാർ, അനിൽ ആന്റണി എന്നിവരാണ് ഇന്നലെ നഗരത്തിൽ വേട്ടുചെയ്ത മറ്റു സ്ഥാനാർത്ഥികൾ.

ശശിതരൂർ അരമണിക്കൂർ കാത്തു നിന്നാണ് വോട്ടു ചെയ്തത്.കോട്ടൺഹിൽ സ്ക്കൂളിലെ 84-ാം നമ്പർ ബൂത്തിൽ രാവിലെ 9.15ന് എത്തിയ തരൂർ 9.45 നാണ് വോട്ടുചെയ്തത്.അമ്മ ലില്ലി തരൂരും സഹോദരി ശോഭയും ഒപ്പമുണ്ടായിരുന്നു. പത്തനംതിട്ട മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ അനിൽ ആന്റണി ജഗതി ഗവ. ഹൈസ്‌കൂളിൽ രാവിലെ 7.30തോടെ വോട്ട് ചെയ്തു.അനിൽ ഇത്തവണ തനിച്ചാണ് വോട്ട് ചെയ്യാനെത്തിയത്. പത്തോടെ എ.കെ ആന്റണി ഭാര്യ എലിസബത്തിനും കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസനും കുടുംബത്തിനുമൊപ്പം ജഗതി യു.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി.

ആറ്റിങ്ങൽ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി വി.മുരളീധരൻ ഉള്ളൂർ കൊട്ടാരം ബൂത്തിലാണ് വോട്ട് ചെയ്തത്.പത്തനംതിട്ട എൽ.ഡി.എഫ് സ്ഥാനാർത്ഥി തോമസ് ഐസക്ക് കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിൽ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങി.കൊല്ലം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജി.കൃഷ്ണകുമാർ ഭാര്യ സിന്ധുകൃഷ്ണകുമാറും മക്കളായ അഹാന, ദിയ,ഇഷാനി, ഹൻസിക എന്നിവർക്കൊപ്പം വട്ടിയൂർക്കാവ് കാഞ്ഞിരംപാറ എൽ.പി സ്‌കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരൻ കവടിയാർ ജവഹർനഗർ സ്‌കൂളിൽ കുടുംബസമേതം വോട്ട് രേഖപ്പെടുത്തി.

ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ ഭാര്യയ്ക്കും കൊച്ചുമകനുമൊപ്പം എത്തിയാണ് വോട്ടിട്ടത്. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്.സോമനാഥ് ഊളൻപാറ ഗവ.എൽ.പി സ്ക്കൂളിലാണ് വോട്ടുചെയ്തത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിലും ചീഫ് സെക്രട്ടറി വി.വേണുവും ഭാര്യയും അഡീഷണൽ ചീഫ് സെക്രട്ടറിയുമായ ശാരദാമുരളീധരനും കോട്ടൺഹിൽ സ്ക്കൂളിൽ വോട്ടുചെയ്തു. മേയർ ആര്യാ രാജേന്ദ്രൻ മുടവൻമുകൾ സ്‌കൂളിലും എം.വിൻസെന്റ് എം.എൽ.എ ഇടവണക്കുഴി ബഡ്സ് സ്‌കൂളിലും വോട്ടുചെയ്തു. മുൻ എം.പി എ.സമ്പത്ത് കുടുംബസമേതം കോട്ടൺഹിൽ സ്കൂളിൽ വോട്ടുചെയ്തു.

സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ കോട്ടൺഹിൽ സ്‌കൂളിലും ഡി.സി.സി പ്രസിഡന്റ് പാലോട് രവി പെരിങ്ങമ്മല സാംസ്‌കാരിക കേന്ദ്രത്തിലും യു.ഡി.എഫ് ജില്ലാ ചെയർമാർ പി.കെ. വേണുഗോപാൽ ജഗതി യു.പി സ്‌കൂളിലും വോട്ട് ചെയ്തു. കവടിയാർ കൊട്ടാരത്തിലെ കുടുംബാംഗങ്ങൾ പേരൂർക്കട നഴ്സിംഗ് സ്‌കൂളിലും വോട്ടുചെയ്തു.

സി.പി.എം പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബിയും എസ്. രാമചന്ദ്രൻ പിള്ളയും യഥാക്രമം ഉപ്പളം ഡി.ഇ.ഒ ഓഫീസിലും പി.എം.ജി സിറ്റി സ്‌കൂളിലും വോട്ട് രേഖപ്പെടുത്തി. മന്ത്രിമാരായ വി. ശിവൻകുട്ടി ഈഞ്ചയ്ക്കൽ എൽ.പി സ്‌കൂളിലും അഡ്വ. ജി.ആർ. അനിൽ നീറമൺകര എൻ.എസ്.എസിലും വോട്ട് രേഖപ്പെടുത്തി. സി.പി.ഐ നേതാവ് സി.ദിവാകരൻ കമലേശ്വരം സ്കൂളിലും വോട്ടുചെയ്തു.

ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോയും വികാരി ജനറൽ യൂജിൻ പെരേരയും സഹായമെത്രാൻ ഡോ.ആർ.ക്രിസ്തുദാസും ആർച്ച് ബിഷപ്പ് എമിരറ്റസ് ഡോ.എം.സൂസപാക്യവും കവടിയാർ ജവഹർ നഗർ സ്‌കൂളിലും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ കുന്നുകുഴി യു.പി.എസിലും ആർച്ച് ബിഷപ്പ് കർദിനാൾ ക്ളീമിസ് കാതോലിക്ക ബാവ പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും ബി.ജെ.പി നേതാവ് ഒ.രാജഗോപാൽ കവടിയാർ ജവഹർ നഗർ സ്‌കൂളിലും ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഫോർട്ട് സ്‌കൂളിലും ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് സെന്റ് ജോസഫ് സ്‌കൂളിലെ ബൂത്തിലും വോട്ടിട്ടു. നടൻ ഇന്ദ്രൻസ് കുമാരപുരം യു.പി സ്‌കൂളിലും നിർമ്മാതാവ് സുരേഷ് കുമാറും നടി മേനക സുരേഷും മോഡൽ എൽ.പി.എസിലും സംവിധായകൻ ഷാജി കൈലാസും ഭാര്യയും നടിയുമായ ആനിയും കവടിയാർ സാൽവേഷൻ ആർമി സ്‌കൂളിലും വോട്ടിടാനെത്തി.