1

പൂവാർ: തീരദേശ ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് പൊതുവെ സമാധാനപരം.ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഉന്തും തള്ളും ഒഴിച്ചാൽ അതിക്രമങ്ങൾ ഒന്നും നടന്നില്ല. കുളത്തൂർ,പൂവാർ,കരുംകുളം,കോട്ടുകാൽ,കാഞ്ഞിരംകുളം,തിരുപുറം ഗ്രാമപഞ്ചായത്തുകളാണ് സമാധാനപരമായി വോട്ടെടുപ്പ് പൂർത്തിയാക്കി മാതൃകയായത്.

കള്ളവോട്ടിന്റെ പോരിലോ,മെഷീൻ തകരാറിന്റെ പേരിലോ ഒരു പ്രശ്നവുമുണ്ടായില്ല. വോട്ട് ചെയ്യാനെത്തിയവരെ സംബന്ധിച്ച് ചലഞ്ചിംഗ് പ്രശ്നവുമുണ്ടായില്ല. അടിമലത്തുറ ലൂയിസ് മെമ്മോറിയൽ യു.പി സ്കൂളിൽ വൈകിട്ട് 6നും നീണ്ട ക്യൂ കാണപ്പെട്ടു.

തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാൻ ഡോ.തോമസ് ജെ.നെറ്റോ പുതിയതുറ എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി.അരുമാനൂരിൽ എൽ.ഡി.എഫ്, ബി.ജെ.പി പ്രവർത്തകർ കെട്ടിയിരുന്ന കൊടികളും തോരണങ്ങളും നശിപ്പിച്ചതായി പരാതിയിന്മേൽ പൂവാർ പൊലീസ് കേസെടുത്തു.