ആറ്റിങ്ങൽ: ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിൽ കടുത്ത ചൂടിനെ അവഗണിച്ച് വോട്ട് ചെയ്യാൻ വൻ തിരക്കായിരുന്നു. രാവിലെ 7മുതൽ തന്നെ മിക്ക ബൂത്തുകളിലും നല്ലതിരക്ക് പ്രത്യക്ഷപ്പെട്ടിരുന്നു. നഗര പ്രദേശങ്ങളെക്കാൾ ഗ്രാമപ്രദേശത്താണ് തിരക്ക് അനുഭവപ്പെട്ടത്. ഉച്ച സമയത്ത് മിക്ക ബൂത്തുകളും കാലിയായി. വോട്ട് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായതായി പരക്കെ ആക്ഷേപം. വോട്ട് ചെയ്ത ശേഷം ബീപ് ശബ്ദം കേൾക്കാനും വൈകിയത് കാത്തു നിൽപ്പിന് കാരണമായി. ആലംകോട് എൽ.പി.എസിൽ രാവിലെ ഒരു മണിക്കൂർ വോട്ടിംഗ് വൈകി. തുടർന്ന പുതിയ യന്ത്രം കൊണ്ടുവന്ന് പ്രശ്നം പരിഹരിച്ചു. ആറ്റിങ്ങൽ ടൗൺ യു.പി.എസിൽ ഇടതുമുന്നണി പ്രവർത്തകർ ബാഡ്ജ് ധരിച്ച് പോളിംഗ് സ്റ്റേഷനിൽ നിരന്തരം കടന്നുകയറുന്നത് യു.ഡി.എഫ് നേതൃത്വം ബന്ധപ്പെട്ടവർക്ക് പരാതി നൽകി. നഗരൂർ വെള്ളം കൊള്ളി ഗുരുദേവ സ്കൂളിൽ 73-ാം നമ്പർ ബൂത്തിൽ ഉച്ചകഴിഞ്ഞ് എത്തിയ ആർ. ബിന്ദുവിന്റെ വോട്ട് രാവിലെ മറ്റാരോ ചെയ്തത് വിവാദമായി. തുടർന്ന് ബിന്ദു ടെൻഡർ വോട്ട് ചെയ്തു. പോളിംഗ് സമയം അവസാനിച്ചിട്ടും ആറ്റിങ്ങൽ നിയോജക മണ്ഡലത്തിലെ വിവിധ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. ഇവർക്ക് ഇതിനകം വോട്ട് ചെയ്യാനുള്ള സ്ലിപ്പുകൾ നൽകി. വോട്ടിംഗ് മിഷ്യന്റെ പ്രവർത്തനം വൈകലും പോളിംഗിനെ ബാധിച്ചു. നാലു മിന്നിട്ടുവരെ ഒരാൾക്ക് വേണ്ടി വന്നതായാണ് കണക്ക്.