
കിളിമാനൂർ: കിളിമാനൂർ ബ്ലോക്ക് പരിധിയിൽ നഗരൂർ പഞ്ചായത്തിലെ കടവിള നവജീവൻ ബാലവാടിയിലെ 74-ാം നമ്പർ ബൂത്തിൽ ബി.ജെ.പി പ്രവർത്തകരും സി.പി.എം പ്രവർത്തകരും തമ്മിൽ നേരിയ തോതിൽ സംഘർഷമുണ്ടായി. വാഹനത്തിൽ വോട്ടർമാരെ എത്തിച്ചെന്നാരോപിച്ച് ബി.ജെ.പി സംഘം സി.പി.എം പ്രവർത്തകരെ ആക്രമിക്കുകയായിരുന്നു.
രണ്ട് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റു.ഇവർ വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.മറ്റെല്ലായിടത്തും വോട്ടെടുപ്പ് സമാധാനപരമായിരുന്നു.
നാവായിക്കുളം പഞ്ചായത്തിൽ പറകുന്ന് 58-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് വളരെ സാവധാനത്തിലായിരുന്നു.വൈകിട്ട് 3 കഴിഞ്ഞിട്ടും ഇവിടെ 350 വോട്ട് പോലും രേഖപ്പെടുത്താനായില്ല.മൂന്ന് മണിക്കൂറിലധികമാണ് വോട്ടർമാർ ക്യൂ നിന്നത്. വിവരമറിഞ്ഞ് മന്ത്രി വി.ശിവൻകുട്ടി സ്ഥലത്തെത്തി.കളക്ടറുമായി സംസാരിച്ച് ഈ ബൂത്തിലെ മുഴുവൻ പേർക്കും വോട്ട് ചെയ്യാനുള്ള സൗകര്യം എർപ്പെടുത്തി.രാത്രി 7കഴിഞ്ഞും ഇവിടെ വോട്ടിംഗ് നടന്നു. പുളിമാത്ത് 113-ാം ബൂത്തിലും കിളിമാനൂർ ടൗൺ യു.പി.എസിലെ ഒരു ബൂത്തിലും വോട്ടെടുപ്പ് മന്ദഗതിയിലായിരുന്നു. ഇതടക്കം നിരവധി ബൂത്തുകളിൽ 6 കഴിഞ്ഞു നീണ്ട നിരയുണ്ടായിരുന്നു. എല്ലാവർക്കും ടോക്കൺ നൽകി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ഏർപ്പെടുത്തി.