
നെടുമങ്ങാട്: തുടക്കം മുതൽ വോട്ടർമാരുടെ നിലയ്ക്കാത്ത ഒഴുക്ക്. പടിപടിയായി ഉയർന്ന് ഉച്ച കഴിഞ്ഞതോടെ നാല്പത് ശതമാനത്തിലേക്ക്. പൊരിവെയിലിനും തളർത്താനാവാത്ത തിരഞ്ഞെടുപ്പ് ആവേശം. പോളിംഗ് സ്റ്റേഷനുകളുടെ മുന്നിൽ സ്ത്രീകളുടെയും കന്നി വോട്ടർമാരുടെയും നീണ്ട നിര. ആദിവാസി,തോട്ടം,കാർഷിക മേഖലകളിൽ പതിവിന് വിപരീതമായി റെക്കാഡ് പോളിംഗ്. രാവിലെ 5.30 ന് മോക്ക്പോൾ ആരംഭിച്ചു. കൃത്യം ഏഴിനുതന്നെ വോട്ടെടുപ്പ് തുടങ്ങി. ആദ്യത്തെ രണ്ട് മണിക്കൂറിൽ പോളിംഗ് 15 ശതമാനത്തിലേക്ക് കടന്നു. ഒരു മണിയായപ്പോൾ രേഖപ്പെടുത്തിയത് 40.21 ശതമാനം. വൈകിട്ട് വോട്ടെടുപ്പിന്റെ ഔദ്യോഗിക സമയം പിന്നിട്ടപ്പോൾ എഴുപത് ശതമാനത്തിലേക്ക് കുതിച്ചു കയറ്റം. തപാൽ വോട്ടുകൾ കൂടി കണക്കാക്കുമ്പോൾ ശതമാനക്കണക്ക് ഇനിയുമുയരും.ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിന്റെ ഭാഗമായുള്ള വാമനപുരം, അരുവിക്കര, കാട്ടാക്കട, നെടുമങ്ങാട് മലയോര മണ്ഡലങ്ങളിൽ പോളിംഗ് സ്റ്റേഷനുകളും പരിസരവും അക്ഷരാർത്ഥത്തിൽ ജനക്കൂട്ടം കൈയടക്കി. 842 ബൂത്തുകളിലായി ഏഴ് ലക്ഷത്തോളം വോട്ടർമാരാണ് നാല് മണ്ഡലങ്ങളിൽ വിധി എഴുതിയത്.അനിഷ്ടസംഭവങ്ങൾ ഒരിടത്തും റിപ്പോർട്ട് ചെയ്തില്ല. വോട്ടിംഗ് മെഷീൻ തകരാറിനെ തുടർന്ന് ഏതാനും ബൂത്തുകളിൽ വേട്ടെടുപ്പ് അലങ്കോലപ്പെട്ടു. നെടുമങ്ങാട് 43 -ആം നമ്പർ ബൂത്തിലും ആറ്റിങ്ങൽ 73 -ആം നമ്പർ ബൂത്തിലും കള്ളവോട്ട് അരങ്ങേറി. ഇതുസംബന്ധിച്ച പരാതി ഇലക്ട്രൽ ഓഫീസർ സ്വീകരിച്ചു. വിവി പാറ്റ് പ്രശ്‌നം കാരണം ചുരുക്കം ചില ബൂത്തുകളിൽ മെഷീൻ മാറ്റിവച്ചു. ബൂത്ത് പരിസരത്ത് സ്ഥാനാർത്ഥിയുടെ ചിത്രവും ചിഹ്നവും പ്രദർശിപ്പിച്ചുള്ള സ്ലിപ്പ് വിതരണത്തെ ചൊല്ലി വിവിധ കേന്ദ്രങ്ങളിൽ മുന്നണി പ്രവർത്തകർ തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. നെടുമങ്ങാട് പനങ്ങോട്ടേല വൃദ്ധസദനം ബൂത്ത് പരിസരത്ത് സി.പി.എം- ബി.ജെ.പി പ്രവർത്തകർ പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഏറ്റുമുട്ടി. ബി.ജെ.പി സ്ഥാനാർത്ഥി വി.മുരളീധരൻ സ്ഥലത്തെത്തി പൊലീസും ഇലക്ഷൻ സെക്ട്രൽ ഓഫീസറുമായി സംസാരിച്ചാണ് രംഗം ശാന്തമാക്കിയത്. 85 വയസിന് മുകളിലുള്ളവരുടെ വോട്ട് പോളിംഗ് ഉദ്യോഗസ്ഥർ വീടുകളിൽ നേരിട്ടെത്തി രേഖപ്പെടുത്തിയതിനാൽ മുതിർന്ന പൗരന്മാരെ ചുമന്നും വാഹനങ്ങളിൽ കൊണ്ടുവന്നും വോട്ട് ചെയ്യിക്കുന്ന കാഴ്ച ഇക്കുറിയുണ്ടായില്ല. അരുവിക്കര മണ്ഡലത്തിൽ ഏറ്റവും ദൂരക്കൂടുതലുള്ള ബോണക്കാട് എസ്റ്റേറ്റ് 24 -ആം നമ്പർ ബൂത്തിൽ 62.24 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ആകെയുള്ള 792 വോട്ടർമാരിൽ 493 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. അരുവിക്കര - 70.31, നെടുമങ്ങാട് - 70.02,വാമനപുരം - 64. എന്നിങ്ങനെയാണ് ഒടുവിൽ ലഭിക്കുന്ന പോളിംഗ് ശതമാന കണക്ക്.