തിരുവനന്തപുരം : ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിലെ നഗരമേഖലയിലും ഇഞ്ചോടിഞ്ച് പോരാട്ടം.ജില്ലയെ അപേക്ഷിച്ച് പോളിംഗ് നഗരത്തിൽ കുറവാണ്. വോട്ടിംഗ് ശതമാനത്തിൽ നിന്നും നഗരത്തിന്റെ മനസ് ആർക്കൊപ്പമെന്ന് കൂട്ടിയും കിഴിച്ചും കണ്ടെത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ.കഴക്കൂട്ടം,വട്ടിയൂർക്കാവ്,തിരുവനന്തപുരം,നേമം നിയമസഭാ മണ്ഡലങ്ങളുൾപ്പെടുന്നതാണ് പ്രധാനമായും നഗരമേഖല.ഇതിൽ നേമത്താണ് ഏറ്റവും കൂടുതൽ പോളിംഗ് 66.05ശതമാനം ഏറ്റവും പിന്നിൽ തിരുവനന്തപുരം മണ്ഡലമാണ് 59.70ശതമാനം. കഴക്കൂട്ടത്ത് 65.12ശതമാനവും വട്ടിയൂർക്കാവ് 62.87ശതമാനവും പോളിംഗ് രേഖപ്പെടുത്തി.രാത്രി 9 വരെയുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കാണിത്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ പോളിംഗ് തങ്ങൾക്ക് അനുകൂലമാണെന്നാണ് ബി.ജെ.പിയുടെ അവകാശവാദം എന്നാൽ ഈ മണ്ഡലങ്ങളെല്ലാം ഇപ്പോൾ കൈയിലുള്ളതിനാൽ ബി.ജെ.പിയ്ക്ക് കഴിഞ്ഞ തവണത്തെ നേട്ടമുണ്ടാക്കാനാകില്ലെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടൽ.പോളിംഗ് ശതമാനത്തിലെ ഉയർച്ച താഴ്ച്ചകൾ എങ്ങനെയായാലും വിജയം ആവർത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യു.ഡി.എഫ്.സ്ത്രീകളും മുതിർന്നവരും യുവജനങ്ങളും ഉൾപ്പെടെ കൂട്ടത്തോടെ രാവിലെ മുതൽ പോളിംഗ് ബൂത്തിലെത്തുന്ന കാഴ്ചയായിരുന്നു നഗരത്തിൽ. രാവിലെ ഏഴു മണി മുതൽ മിക്ക പോളിംഗ് ബൂത്തുകളിലും ക്യൂ ആരംഭിച്ചു.വെയിൽ ശക്തമാകുന്നതിന് മുമ്പ് വോട്ടു ചെയ്ത് മടങ്ങാനാണ് രാവിലെ തന്നെ വോട്ടർമാർ എത്തിയത്. പ്രായമായവർക്ക് വേഗത്തിൽ വോട്ട് ചെയ്യാൻ സൗകര്യമൊരുക്കി.എന്നാൽ ചിലയിടങ്ങിൽ മണിക്കൂറോളം ക്യൂ നീണ്ടതോടെ വോട്ടർമാർ ഉദ്യോഗസ്ഥരോട് ക്ഷുഭിതരായി.വോട്ടിംഗ് യന്ത്രത്തിലെ ബാറ്ററി ഉൾപ്പെടെ തകരാറിലായ സാങ്കേതിക കാരണങ്ങളാണ് പ്രശ്നത്തിന് കാരണമായത്.