k

തിരുവനന്തപുരം: മുട്ടത്തറ പെട്രോൾ പമ്പിനു സമീപം നിറുത്തിയിട്ടിരുന്ന ചരക്ക് ലോറിക്ക് പിന്നിലേക്ക് അമിതവേഗതയിലെത്തിയ ടോറസ് ലോറി ഇടിച്ചുകയറി. നിയന്ത്രണം വിട്ട ചരക്ക്‌ലോറി അടുത്തുള്ള സർവീസ് റോഡിലേക്ക് തലകീഴായി മറിഞ്ഞു. ഇന്നലെ പുലർച്ചെ 5.30ഓടെയാണ് സംഭവം. തിരുവല്ലത്തു നിന്ന് കഴക്കൂട്ടത്തേക്ക് പോകുന്ന വഴിയിൽ ഇടത് ഭാഗത്തായി പാർക്ക് ചെയ്തിരുന്ന 'കൃഷ്ണ' ലോറിക്കു പിന്നിലാണ് തമിഴ്നാട് രജിസ്ട്രേഷനുള്ള ടോറസ് വന്നിടിച്ചത്. ചരക്ക് ലോറി ഡ്രൈവർ എറണാകുളം സ്വദേശി സോമൻ(70) ലോറിക്കുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്നു. ഇയാളെ നിസാര പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് പോളിംഗ് ബൂത്തുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ കൊണ്ടുവന്ന ചരക്ക് ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബൂത്തുകളിൽ സാധനങ്ങൾ എത്തിച്ച് വെള്ളിയാഴ്ച രാത്രി എറണാകുളത്തേക്ക് മടങ്ങാനിരിക്കുകയായിരുന്നു സോമൻ. എന്നാൽ എൻജിൻ തകരാറിനെത്തുടർന്ന് ലോറി സ്റ്റാർട്ടായില്ല. അവധിദിവസമായതിനാൽ വർക്ക്ഷോപ്പുകളും തുറന്നില്ല. അതിനാൽ ശനിയാഴ്ച തകരാർ പരിഹരിക്കാമെന്നുകരുതി ലോറിയിൽത്തന്നെ കിടന്നുറങ്ങി. ഈ സമയത്താണ് പിന്നിൽ ടോറസ് വന്നിടിച്ചത്. അപകടത്തിനു പിന്നാലെ ടോറസ് ലോറിയുടെ ഡ്രൈവർ ഇറങ്ങിയോടി. രാജേഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ടോറസ്. സർവീസ് റോഡിലേക്ക് ലോറി മറിഞ്ഞതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഉച്ചയ്ക്ക് 1.45ഓടെ ക്രെയിനെത്തിയാണ് ലോറി റോഡിൽ നിന്ന് നീക്കിയത്. ഈ സമയത്ത് തിരുവല്ലത്ത് നിന്ന് ചാക്ക ഭാഗത്തേക്ക് വന്ന വാഹനങ്ങൾ വലതുവശത്തുള്ള റോഡിലൂടെ വഴി തിരിച്ചുവിട്ടു. ചരക്ക് ലോറിയുടെ പിൻവശവും ഇരുവശങ്ങളും പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ടോറസിന്റെ മുൻവശവും തകർന്നു. പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.