edava-stadium

വർക്കല: കായിക യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന 14 ജില്ലാ സ്‌റ്റേഡിയങ്ങളിൽ ഒന്നാണ് വർക്കലയ്ക്ക് സമീപമുള്ള ഇടവ സ്റ്റേഡിയം. തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്‌റ്റേഡിയം എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ജില്ലാ സ്റ്റേഡിയത്തിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത് 2019 ഫെബ്രുവരിയിലാണ്. കൃത്യമായി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കാത്തതിനാൽ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായി ഇവിടം മാറിക്കഴിഞ്ഞു. പാതിവഴിയിൽ പാടെ നിലച്ചിരിക്കുകയാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ.

 പെരുവഴിയായ പദ്ധതി

ഇടവ ഗ്രാമത്തിലെ കായികപ്രേമികൾ ഒരു സമിതി രൂപീകരിച്ചുകൊണ്ടാണ്‌ സ്റ്റേഡിയം നിർമ്മാണത്തിനുള്ള ശ്രമം ആരംഭിച്ചത്. പഞ്ചായത്തിലെ വെൺകുളം മേക്കുളം ഏലായിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനായി പദ്ധതി തയാറാക്കി. വർക്കല രാധാകൃഷ്ണൻ എം.പി, സുശീലാ ഗോപാലൻ എന്നിവരായിരുന്നു സമിതിയുടെ രക്ഷാധികാരികൾ. വിദേശത്തുള്ളവരിൽ നിന്നും നാട്ടിൽ ഉള്ളവരിൽ നിന്നും 2 രൂപ മുതൽ 2000 രൂപ വരെ സംഭാവന സ്വീകരിച്ചുകൊണ്ട് 4 ഏക്കർ 88 സെന്റ് ഭൂമി, നാട്ടുകാർ വിലയ്ക്ക് വാങ്ങി. അളവിൽ കൂടുതൽ ഉണ്ടായിരുന്ന 37 സെന്റ് ഭൂമിയും ചേർത്ത് 5 ഏക്കർ 25 സെന്റ് പഞ്ചായത്തിന് കൈമാറുകയും ചെയ്തു. സ്റ്റേഡിയത്തിന്റെ നിർമ്മാണചെലവ് താങ്ങാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ പഞ്ചായത്ത് ഭരണസമിതി പൊതുജനതാത്പര്യാർത്ഥം വസ്തു സ്പോർട്സ് കൗൺസിലിന് നൽകി. 210 മീറ്റർ നീളവും 105 മീറ്റർ വീതിയുമുള്ള ട്രാക്കും അതോടൊപ്പം ഡ്രെസിംഗ് റൂം ഉൾപ്പെടെ 2 മുറികളുള്ള ഒരു കെട്ടിടവും സ്പോർട്സ് കൗൺസിൽ ഇവിടെ നിർമ്മിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച 5 ലക്ഷം രൂപയ്ക്ക് ചുറ്റുമതിലും നിർമ്മിച്ചതിൽ ഒതുങ്ങി ഈ നാടിന്റെ കായിക സ്വപ്നങ്ങൾ.

 പദ്ധതിയുടെ നാൾവഴികൾ

 1987ൽ ഇടവ ഗ്രാമത്തിലെ കായികപ്രേമികൾ സ്റ്റേഡിയം നിർമ്മാണത്തിന് സമിതി രൂപീകരിച്ചു

 1989 ൽ 2 രൂപ മുതൽ 2000 രൂപ വരെ സംഭാവന സ്വീകരിച്ച് വാങ്ങിയ 5 ഏക്കർ 25 സെന്റ് പഞ്ചായത്തിന് കൈമാറി

 2003 ൽ സ്റ്റേഡിയത്തിന്റെ നിർമ്മാണചെലവ് താങ്ങാൻ കഴിയാതെ പഞ്ചായത്ത് വസ്തു സ്പോർട്സ് കൗൺസിലിന് നൽകി

 2016 - 17 ലെ ബഡ്ജറ്റിൽ ഉൾപ്പെടുത്തി സ്‌റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി സ്‌പോർട്‌സ് കൗൺസിലിന് സർക്കാർ തുക അനുവദിച്ചു.

 2019 ൽ 34.25 കോടി രൂപ അടങ്കൽത്തുക നിശ്ചയിച്ച് കിറ്റ്കൊ നിർമ്മാണച്ചുമതല ഏറ്റെടുത്തെങ്കിലും പദ്ധതി വീണ്ടും നിലച്ചു.

2400 മീറ്റർ കളിസ്ഥലത്തോടുകൂടിയ ഇരുനിലകളുള്ള ആധുനിക ഇൻഡോർ സ്റ്റേഡിയം, സെവൻസ് ഫുട്‌ബാൾ ഗ്രൗണ്ട്, നീന്തൽക്കുളം, ഗാലറി എന്നിവ സ്റ്റേഡിയ സമുച്ചയത്തിൽ സജ്ജീകരിക്കുന്നതിനായി പദ്ധതിയുടെ പുതിയ രൂപരേഖ തയ്യാറാക്കിയിരുന്നു. ഇൻഡോർ സ്‌റ്റേഡിയത്തിൽ വോളിബാൾ, ബാസ്‌കറ്റ്ബാൾ, ഹാന്റ്ബാൾ, ഷട്ടിൽ ബാഡ്മിന്റൺ കോർട്ടുകളടക്കം പദ്ധതിയിൽ വിഭാവനം ചെയ്തിരുന്നു. ആയിരം പേർക്കിരിക്കാവുന്ന ഗാലറി, സ്‌പോർട്‌സ് ഓഫീസ്, ഡോർമെറ്ററി എന്നിവയും ഭാവിയിൽ ഹോസ്റ്റൽ സൗകര്യവും ഇതോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിധത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണ് സാങ്കേതികപ്പിഴവുകൊണ്ട് വെളിച്ചം കാണാതെ പോയത്.