തിരുവനന്തപുരം: സൂര്യപ്രകാശം ഏൽക്കാതെയും ദാഹമില്ലെങ്കിലും ധാരാളം വെളളം കുടിച്ചും ഉഷ്ണതരംഗത്തിൽ നിന്ന് സുരക്ഷിതരായിക്കാൻ ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം.കുഞ്ഞുങ്ങൾ, പ്രായമായവർ, ഗർഭിണികൾ,ഗുരുതര രോഗമുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാൽ ഉടൻ ചികിത്സ തേടണം.സൂര്യാഘാതം,സൂര്യാതപം,നിർജലീകരണം എന്നീ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും.രാവിലെ 11 മുതൽ വൈകിട്ട് 3 വരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയാണ് പ്രധാനം. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ,പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുന്നതും കുടയോ തൊപ്പിയോ കരുതുന്നതും നല്ലതാണ്.
യാത്രാ വേളയിൽ കുപ്പി വെള്ളം കരുതണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കാം. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കണം. കുട്ടികളെയും വളർത്തു മൃഗങ്ങളെയും പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും
നിർദ്ദേശത്തിലുണ്ട്.
സൂര്യാഘാതം ഏറ്റാൽ
തണുത്ത സ്ഥലത്ത് വിശ്രമിക്കുക
ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക
തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക
ധാരാളം പാനീയങ്ങൾ കുടിക്കുക
അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക