
തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സി.പി.എം ശ്രമിച്ചതായി സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആരോപിച്ചു. കെ.പി.സി.സി സംഘടിപ്പിച്ച മാദ്ധ്യമ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിനെ സി.പി.എം ഹൈജാക്ക് ചെയ്തു. കമ്മിഷൻ നിയോഗിച്ച ഉദ്യോഗസ്ഥർ സി.പി.എം നിർദ്ദേശമനുസരിച്ച് പെരുമാറിയതോടെ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലമായെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ജാഗ്രതക്കുറവുണ്ടായെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫിന് മേധാവിത്വമുള്ള ബൂത്തുകളിലാണ് വോട്ടെടുപ്പ് തടസപ്പെടുകയോ വൈകുകയോ ചെയ്തത്. കള്ളവോട്ടിംഗും അക്രമവും വ്യാപകമായി അരങ്ങേറി. പോളിംഗ് ശതമാനം കുറയ്ക്കാൻ ക്രമക്കേടുകൾ നടന്നു. യു.ഡി.എഫ് അനുകൂല തരംഗവും കേന്ദ്ര- സംസ്ഥാന സർക്കാർ വിരുദ്ധ വികാരവും അലയടിച്ചതിനാൽ 20 ഇടത്തും യു.ഡി.എഫ് ജയിക്കും. തിരഞ്ഞെടുപ്പ് അട്ടിമറിയെപ്പറ്റി കൃത്യമായ വിലയിരുത്തൽ നടത്തി നിയമനടപടിയിലേക്ക് പാർട്ടി നീങ്ങും.
കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള പ്രകാശ് ജാവദേക്കറുമായി എൽ.ഡി.എഫ് കൺവീനർ നടത്തിയ കൂടിക്കാഴ്ച മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ജയരാജന്റെ സന്ദർശനത്തെ ന്യായീകരിച്ച മുഖ്യമന്ത്രി ജാവദേക്കറെപ്പറ്റി ഒന്നും മിണ്ടിയില്ല. കേന്ദ്ര ഏജൻസികളെ ഭയപ്പെടുന്ന മുഖ്യമന്ത്രി അവരുടെ ശ്രമങ്ങളെ നിർവീര്യമാക്കാൻ ബി.ജെ.പിയുമായി അവിഹിത ബന്ധത്തിന് കളമൊരുക്കുകയായിരുന്നു. അത് വെളിച്ചത്തു വന്നപ്പോൾ ജയരാജൻ ബലിയാടായി. മുഖ്യമന്ത്രി ജാവദേക്കറെ കണ്ടത് എവിടെ വച്ചാണെന്ന് വ്യക്തമാക്കണം.
രണ്ടാം ഘട്ട പോളിംഗ് പൂർത്തിയാവുമ്പോൾ 400 സീറ്റ് നേടി ജയിക്കുമെന്ന മോദിയുടെ വാദം പൊളിഞ്ഞു. 'ഇന്ത്യ" മുന്നണിക്ക് വ്യക്തമായ മേൽക്കൈ കിട്ടത്തക്കമുള്ള മാറ്റങ്ങളാണ് തിരഞ്ഞെടുപ്പ് രംഗത്ത് നടക്കുന്നത്. റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ ഉടൻ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. വരുൺ ഗാന്ധിയുടെ കോൺഗ്രസ് പ്രവേശം ഇപ്പോൾ പാർട്ടിയുടെ മുന്നിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.