
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങൾക്ക് കേരള പബ്ലിക് എന്റർപ്രൈസസ് സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചെങ്കിലും നിയമനം മാത്രം നടക്കുന്നില്ലെന്ന് ഉദ്യോഗാർത്ഥികൾ.
20 സ്ഥാപനങ്ങളിലെ 588 തസ്തികകളിലെ നിയമനമാണ് ബോർഡിന് വിട്ടുകൊടുത്തത്. എന്നാൽ നാളിതുവരെ പ്രസിദ്ധീകരിച്ചത് 17തസ്തികകൾക്കുള്ള വിജ്ഞാപനം മാത്രം.
കൊല്ലത്തെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് അടക്കമുള്ള സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായുള്ള തുടർ നടപടികൾ റിക്രൂട്ട്മെന്റ് ബോർഡിനെ ഏൽപ്പിച്ചെങ്കിലും പിന്നീട് അനക്കമൊന്നുമില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതിപ്പെടുന്നു.
കെ.എം.എം.എല്ലിലെ 159 സാങ്കേതിക തസ്തികകളിൽ അപേക്ഷ സ്വീകരിച്ച് നിയമനനടപടി ആരംഭിച്ചപ്പോഴാണ് പൊതുമേഖലാ റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നത്. ഇതോടെ 2021 ജൂലായിൽ 4000-ത്തോളം അപേക്ഷകൾ റിക്രൂട്ട്മെന്റ് ബോർഡിന് കൈമാറി. എന്നാൽ, വർഷം മൂന്നായിട്ടും നടപടിയൊന്നും ആയിട്ടില്ല.
റിക്രൂട്ട്മെന്റ് ബോർഡ് ഓഫീസിൽ കംപ്യൂട്ടറുകൾ സ്ഥാപിച്ചാലുടൻ ഓൺലൈൻ പരീക്ഷ നടത്തുമെന്നാണ് ഇപ്പോൾ അറിയുന്നത്. എന്നാൽ എപ്പോൾ കംപ്യൂട്ടർ സ്ഥാപിക്കുമെന്ന് ആർക്കുമറിയില്ല.
കെ.എം.എം.എല്ലിൽ ഒഴിവുള്ള തസ്തികകൾ
ജോയിന്റ് ജനറൽ മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, മാനേജർ, ഡെപ്യൂട്ടി മാനേജർ, പർച്ചേസ് ഓഫീസർ, ലീഗൽ ഓഫീസർ, ജൂനിയർ ഓപ്പറേറ്റർ ട്രെയിനി, ജൂനിയർ ടെക്നിഷ്യൻ ട്രെയിനി, എക്സിക്യുട്ടിവ് ട്രെയിനി, പേഴ്സണൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, മൈൻസ് ഫോർമാൻ.
ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്ഷോപ്പ്
തിരുവനന്തപുരം: സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി), മൂന്ന് ദിവസത്തെ ‘ഡിജിറ്റൽ മാർക്കറ്റിംഗ്’ വർക്ക്ഷോപ്പ് സംഘടിപ്പിക്കും. മേയ് 6 മുതൽ 8 വരെ കളമശേരി കെ.ഐ.ഇ.ഡി ക്യാമ്പസിലാണ് പരിശീലനം. എം.എസ്.എം.ഇ മേഖലയിലെ സംരംഭകർ/എക്സിക്യൂട്ടീവ്സ് എന്നിവർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. ഡിജിറ്റൽ പ്രൊമോഷനുകൾ, ഇ മെസ്സേജിംഗ് മാനേജ്മെന്റ്, ഫേസ്ബുക്ക് ഓട്ടോമേഷൻ, ഇൻസ്റ്റാഗ്രാം അനലിറ്റിക്സ്, മീഡിയ പ്രൊമോഷനുകളും പ്രൊഡക്ഷനുകളും, ബിസിനസ് ഓട്ടോമേഷൻ, പരമ്പരാഗത വിപണികളിൽ ഡിജിറ്റൽ മാർക്കറ്റിംഗിന്റെ സ്വാധീനം, പ്രാക്ടിക്കൽ സെഷനുകൾ തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2,950 രൂപയാണ് ഫീസ്. താമസം ആവശ്യമില്ലാത്തവർക്ക് 1,200 രൂപ. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപെട്ടവർക്ക് 1,800 രൂപ താമസം ഉൾപ്പെടെയും, 800 രൂപ താമസം കൂടാതെയുമാണ് ഫീസ്. താത്പര്യമുള്ളവർ http://kied.info/training-calender/ൽ മേയ് 2ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2532890/0484-2550322/9188922800.