
മലയിൻകീഴ് : പ്രധാന റോഡുകൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പൈപ്പ് ലൈൻ സ്ഥാപിക്കാനെടുത്ത കുഴികൾ അപകടക്കെണിയാകുന്നു. മലയിൻകീഴ് - കാട്ടാക്കട - പേയാട്, പേയാട് - വിളപ്പിൽശാല, പുളിയറക്കോണം - വെള്ളൈക്കടവ് തുടങ്ങിയ പ്രധാന റോഡിലും പഞ്ചായത്ത് റോഡുകളിലും ജലജീവൻ പദ്ധതിയുടെ ഭാഗമായെടുത്ത കുഴികൾ പൂർണമായും മൂടാത്ത നിലയിലാണ്. വല്ലപ്പോഴും പെയ്യുന്ന വേനൽ മഴയിൽ മൂടിയ ഭാഗം താഴ്ന്ന് കുഴി രൂപപ്പെടാറുണ്ട്. വിളപ്പിൽശാല കൊല്ലക്കോണത്ത് റേഷൻ അരിയുമായെത്തിയ ടിപ്പർ പൈപ്പ് ലൈനിനായെടുത്ത കുഴിയിൽ താഴ്ന്നതാണ് ഒടുവിലത്തെ സംഭവം. മലയിൻകീഴ് ജംഗ്ഷനിൽ പൈപ്പ് കുഴി പല ഭാഗത്തും മൂടാതെ കിടക്കുന്നതും നിത്യേന അപകടങ്ങളുണ്ടാക്കുന്നുവെന്ന് നാട്ടുകാർ പറയുന്നു. മലയിൻകീഴ് പൊതുമാർക്കറ്റിന് സമീപം കൊടും വളവിൽ പൈപ്പ് ലൈനിനെടുത്ത കുഴിയിൽ വെള്ളം കെട്ടി നിൽക്കുന്നതും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ഈ ഭാഗത്ത് ടൂറിസ്റ്റ് ബസിന്റെ വീൽ കുഴിയിൽ താഴ്ന്നതും അടുത്തിടെയാണ്. മണിക്കൂറുകളെടുത്താണ് വീൽ കുഴിയിൽ നിന്ന് ഉയർത്തിയത്. ടൂറിസ്റ്റ് ബസിൽ നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ചിലർക്ക് നിസാര പരിക്കേറ്റിരുന്നു. ജലജീവൻ പദ്ധതിയുടെ ഭാഗമായെടുത്ത കുഴി മൂടി പൂർവ സ്ഥിതിയാക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും കരാറുകാരുടെ അനാസ്ഥയാണിതിന് കാരണമെന്നുമാണ് അധികൃതർ പറയുന്നത്.