തിരുവനന്തപുരം: ലോക തൊഴിലാളി ദിനമായ മേയ് ഒന്നിന് റാലിയും പൊതുസമ്മേളനവും നടത്താൻ എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ സംയുക്ത യോഗം തീരുമാനിച്ചു. രാവിലെ 10ന് പാളയത്ത് നിന്ന് റാലി ആരംഭിക്കും. ജോയിന്റ് കൗൺസിൽ ഹാളിൽ ചേരുന്ന മെയ്ദിന സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിർവഹിക്കും. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.മന്ത്രി ജി.ആർ അനിൽ മെയ്ദിന സന്ദേശം നൽകും.
യൂണിയൻ ഓഫീസുകൾ, വ്യവസായ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങളിലെ യൂണിയൻ കേന്ദ്രങ്ങൾ, വിവിധ തൊഴിലാളി യൂണിറ്റുകൾ, എന്നിവിടങ്ങളിൽ രാവിലെ എട്ടിന് മെയ്ദിന പതാക ഉയർത്തും. രാവിലെ 9ന് മ്യൂസിയം ജംഗ്ഷനിൽ നിന്നു മോട്ടോർ തൊഴിലാളി യൂണിയൻ സംഘടിപ്പിക്കുന്ന വാഹന റാലി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്യും.