
വെള്ളനാട്: ടൂറിസ്റ്റ് കേന്ദ്രമായ അരുവിക്കരയിലേക്കുള്ള വെള്ളനാട് - അരുവിക്കര റോഡ് തകർന്നു. കുളക്കോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മുതൽ അരുവിക്കര ഡാം വരെയുള്ള റോഡാണ് തകർന്നിരിക്കുന്നത്. റോഡ് നവീകരിക്കുന്നതിനായി റോഡിന്റെ വശങ്ങളിൽ മെറ്റലുകൾ ഇറക്കിയിട്ട് മാസങ്ങളായിട്ടും പണി ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡിന്റെ സൈഡുകളിൽ കൂട്ടിയിട്ടിരിക്കുന്ന മെറ്റലുകൾ ഇപ്പോൾ നാട്ടുകാർക്ക് ബുദ്ധിമുട്ടായി തീർന്നിരിക്കുകയാണ്. നിത്യേന ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന റോഡിന്റെ ഭൂരിഭാഗവും തകർന്ന അവസ്ഥയിലാണ്. ഇതിന് പുറമേ കുളക്കോട് ക്ഷേത്രത്തിന് സമീപത്തെ വളവിൽ കെ.എസ്.ഇ.ബിയുടെ ഉപയോഗശൂന്യമായ തടി പോസ്റ്റുകളും തടികളും ഇറക്കിയിരിക്കുന്നത് റോഡിൽ അപകടങ്ങൾ ഉണ്ടാക്കുന്നതായി പ്രദേശവാസികൾ പറയുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും അനധികൃതമായി ഇറക്കിയിട്ടിരിക്കുന്ന തടികൾ മാറ്റാൻ കെ.എസ്.ഇ.ബി തയാറാകുന്നില്ല.
കുഴികൾ അപകടങ്ങൾക്ക്
കാരണമാവുന്നു
റോഡിൽ പലഭാഗങ്ങളിലും വൻകുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. വെമ്പന്നൂർ ജംഗ്ഷന് സമീപത്തെ വളവിൽ മെറ്റലുകളിളകി രൂപപ്പെട്ട കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് അപകടങ്ങൾ ഉണ്ടാവുന്നത് പതിവായിട്ടുണ്ട്. ശാന്തിനഗർ, ശങ്കരമുഖം എൽ.പി.സ്കൂളിനു സമീപം, കണ്ണേറ്റുനട ജംഗ്ഷൻ, വാളിയറ തുടങ്ങിയ സ്ഥലങ്ങളിൽ റോഡിന്റെ അവസ്ഥ വളരെ ദയനീയമാണ്. മെറ്റലുകളിളകി വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്ന റോഡിൽ ബൈക്കുകൾ തെന്നിവീണ് അപകടം സംഭവിക്കുന്നു.
അടിയന്തരമായി പരിഹാരം കാണണം
അപകടകരമായ വളവുകളിലെ ടാർ ഇളകിമാറി വലിയ കുഴികൾ ഉണ്ടായതിനാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് സൈഡ് കൊടുക്കാൻ കഴിയാതെ വരുന്നു. ഇത് അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നു. വെള്ളനാട് നിന്നും അരുവിക്കര, വട്ടിയൂർക്കാവ്, പേരൂർക്കട, കരകുളം, വഴയില, കാച്ചാണി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ യാത്രക്കാർ ആശ്രയിക്കുന്ന റോഡാണിത്. അശാസ്ത്രീയമായ റോഡ് നിർമ്മാണവും അമിതഭാരം കയറ്റിയ ടിപ്പറുകളടക്കമുള്ള വാഹനങ്ങളുമാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.