തിരുവനന്തപുരം:തലസ്ഥാനത്തെ രണ്ടു മണ്ഡലങ്ങളിലും പോളിംഗിലുണ്ടായ കുറവ് ആരെത്തുണയ്ക്കുമെന്നറിയില്ലെങ്കിലും മുന്നണികൾ പ്രതീക്ഷയിലാണ്.പാർട്ടി അനുകൂല വോട്ടുകൾ പരമാവധി ചെയ്യിച്ചുവെന്ന ആത്മവിശ്വാസം നേതാക്കൾ പങ്കുവയ്ക്കുമ്പോഴും ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങൾ എന്ന നിലയിൽ ആരു ജയിച്ചാലും ചെറിയ ഭൂരിപക്ഷമേ ഉണ്ടാകൂവെന്നാണ് മുന്നണികളുടെ മനക്കണക്ക്. കുറ്റമറ്റ വോട്ടർപട്ടികയല്ല പ്രസിദ്ധീകരിച്ചതെന്ന വിമർശനമാണ് മുന്നണികൾ ഉന്നയിക്കുന്നത്.ഓരോ മണ്ഡലത്തിലും ഒരു ലക്ഷത്തോളം ഇരട്ട വോട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് കോൺഗ്രസ് ആദ്യം മുതൽ പരാതിപ്പെട്ടത്. ആറ്റിങ്ങൽ മണ്ഡലത്തിൽ 1,62,000 ലധികം ഇരട്ടിപ്പ് ഉണ്ടായതായി യു.ഡി.എഫ് സ്ഥാനാർത്ഥി പരാതിപ്പെട്ടിരുന്നു. ഇത് വോട്ട് ചെയ്യാത്തതോടെ പോളിംഗ് ശതമാനത്തിൽ വ്യത്യാസം ഉണ്ടാകുമെന്നാണ് പറയുന്നത്.

തിരുവനന്തപുരം മണ്ഡലത്തിലാണ് ആറ്റിങ്ങലിനേക്കാൾ വോട്ടിംഗ് ശതമാനം കുറഞ്ഞത്.66.46 ശതമാനമാണ് നടന്നത്. 2019 ൽ 73.23 % പോളിംഗ് നടന്നിരുന്നു. 6.77 ശതമാനത്തിന്റെ കുറവാണുണ്ടായത്. ആകെ 14,305,31 വോട്ടർമാരിൽ 9,50,739 പേർ വോട്ട് രേഖപ്പെടുത്തി.
ആറ്റിങ്ങൽ മണ്ഡലത്തിൽ 13,96,807 വോട്ടർമാരുള്ളതിൽ 9,69,390 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ 2019 ലെ തിരഞ്ഞെടുപ്പിനേക്കാൾ 5 ശതമാനം പേരാണ് വോട്ട് ചെയ്യാത്തത്. ഇക്കുറി 69.40 % പോളിംഗ് നടന്നു. 74.4 % ആയിരുന്നു 2019 ലെ പോളിംഗ്.

തീരമേഖലയിൽ ആശങ്കയും പ്രതീക്ഷയും

തിരുവനന്തപുരത്ത് തീരമേഖലയിലെ ഉയർന്ന പോളിംഗിൽ ആശങ്കയും പ്രതീക്ഷയുംപങ്കുവച്ച് മുന്നണികൾ. ജയപരാജയങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന ന്യൂനപക്ഷ വോട്ടുകൾ ഒപ്പമെന്നാണ് മൂന്നു മുന്നണികളും അവകാശപ്പെടുന്നത്. പാറശ്ശാല, നെയ്യാറ്റിൻകര, കോവളം എന്നിവിടങ്ങളിൽ പോളിംഗ് എഴുപത് ശതമാനമെത്തിയത് തീരദേശജനതയുടെ നിർണ്ണായക വോട്ടുകൾ ഒപ്പം നിന്നുവെന്നാണ് മുന്നണികൾ അവകാശപ്പെടുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ ശശി തരൂരിന് വലിയ ഭൂരിപക്ഷം നൽകിയ ലത്തീൻ വോട്ടുകളും മുസ്ലീം വോട്ടുകളും ഇത്തവണയും കൂടെപ്പോന്നെന്നാണ് യു.ഡി.എഫ് കരുതുന്നത്. എന്നാൽ നേമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖറിന് ഭൂരിപക്ഷം ഉണ്ടാകുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. എന്നാൽ ഏഴു നിയമസഭാ മണ്ഡലങ്ങളിലും കരുത്തുകാട്ടുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ ഉറപ്പ്.


മലയോര മേഖല ചതിക്കുന്നതാരെയാവും

മലയോര മേഖലയിലെ വോട്ടുകളിൽ വന്ന കുറവ് മൂന്നു മുന്നണികളെയും ഒരുപോലെ ആശങ്കയിലാക്കുകയാണ്. അരുവിക്കര,കാട്ടാക്കട,വാമനപുരം മണ്ഡലങ്ങളാണ് മലയോരത്തുള്ളത്. മൂന്നു മുന്നണികളും ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്ന മണ്ഡലങ്ങളാണിവ.
ആറ്റിങ്ങൽ മണ്ഡലത്തിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥി വി.ജോയി ഏഴു മണ്ഡലങ്ങളിലും ലീഡ് ചെയ്യുമെന്നാണ് എൽ.ഡി.എഫ് ക്യാമ്പിന്റെ വിലയിരുത്തൽ.എന്നാൽ ആറ്റിങ്ങൽ ,അരുവിക്കര,നെടുമങ്ങാട്, കാട്ടാക്കട, ചിറയിൻകീഴ് മണ്ഡലങ്ങളിൽ വ്യക്തമായ മേൽകൈ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് നേടുമെന്ന് കോൺഗ്രസ് ക്യാമ്പ് കണക്കുകൂട്ടുന്നു. കേന്ദ്രമന്ത്രി എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്ത വികസനങ്ങൾ വോട്ടായി മാറുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 2,46,000 വോട്ടാണ് ബി.ജെ.പിക്ക് ഇവിടെ ലഭിച്ചത്.ഇക്കുറി അത് വർദ്ധിച്ച് വിജയിക്കാനുള്ള വോട്ട് ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് മാനേജർമാർ വിലയിരുത്തുന്നു.

'തിരുവനന്തപുരം മണ്ഡലത്തിൽ പന്ന്യൻ രവീന്ദ്രന്റെ വിജയം സുനിശ്ചിതമാണ്. ഒരു ലക്ഷത്തിലേറെ ഭൂരിപക്ഷം ലഭിക്കും.പോളിംഗ് ശതമാനം കുറഞ്ഞത് യു.ഡി.എഫിനെയാകും ബാധിക്കുക.

ആറ്റിങ്ങൽ മണ്ഡലത്തിൽ വി.ജോയിയുടെ വിജയം ഉറപ്പാണ്.എൽ.ഡി.എഫിന്റെ വോട്ടുകളെല്ലാം കൃത്യമായി ചെയ്തതായി ഉറപ്പാക്കിയിട്ടുണ്ട്.

എം.വിജയകുമാർ,​ സി.പി.എം


'തിരുവനന്തപുരത്ത് മികച്ച വിജയം ഉണ്ടാകും.കോൺഗ്രസിന്റെ വോട്ടുകളും ക്രിസ്ത്യൻ, മുസ്ലിം വോട്ടുകൾ പൂർണ്ണമായും ശശിതരൂരിന് ലഭിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ മണ്ഡലത്തിൽ ഇടതുസർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം പ്രകടമായിരുന്നു. അടൂർ പ്രകാശ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും.

കരകുളം കൃഷ്ണപിള്ള ,​ കോൺഗ്രസ്


' തിരുവനന്തപുരത്ത് ഇക്കുറി ബി.ജെ.പി ജയിക്കും. മണ്ഡലത്തിന്റെ വിജയം ആഗ്രഹിക്കുന്നവരുടെ ന്യൂട്രൽ വോട്ടുകൾ രാജീവ് ചന്ദ്രശേഖറിന് ലഭിച്ചിട്ടുണ്ട്.തീരദേശ മേഖലയിലെ 30 ശതമാനം വോട്ടും ലഭിക്കും.ആറ്റിങ്ങൽ മണ്ഡലത്തിൽ വി.മുരളീധരന്റെ വിജയത്തിൽ നല്ല പ്രതീക്ഷയാണുള്ളത്.ബി.ജെ.പി ചിട്ടയായ പ്രവർത്തനമാണ് നടത്തിയത്.

ജെ.ആർ. പത്മകുമാർ,​ ബി.ജെ.പി